പുനലൂർ: സംസ്ഥാന ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് അംഗം ജി.എസ്.ഷൈലാമണിയുടെ ഒൗദ്യോഗിക കാറിന് കേടുപാടുകൾ വരുത്തിയ സംഭവത്തിൽ പുനലൂർ കുതിരച്ചിറ സ്വദേശി വിഷ്ണു(27), പുനലൂർ പകിടി സ്വദേശി രഞ്ജിത്ത്(26) എന്നിവരെ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം.പുനലൂരിന് സമീപത്തെ കലയനാട് കെ.ടി.ഡി.സി.യുടെ ഹോട്ടൽ ആരാമത്തിൽ പാർക്ക് ചെയ്തിരുന്നപ്പോഴാണ് വാഹനത്തിന് കേടുപാടുകൾ വരുത്തിയത്.പുനലൂരിലെ ഒരു ബന്ധുവിൻെറ വിവാഹത്തിൽ പങ്കെടുക്കാൻ ഭർത്താവായ പുനലൂർ നഗരസഭ മുൻ ചെയർമാനും, പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറിയുമായ അഡ്വ.ഡി.സുരേഷ് കുമാറിനോടൊപ്പം ഷൈലാമണി ഹോട്ടലിൽ മുറിയെടുത്ത്, കാറും അവിടെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. രാവിലെ പൊലീസിൽ പരാതിനൽകിയതിനെ തുടർന്ന് ഹോട്ടലിൽ എത്തിയ പൊലിസ് സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ മനസിലാക്കാൻ കഴിഞ്ഞത്. ഹോട്ടലിൽ തങ്ങിയിരുന്ന യുവാക്കൾ രാത്രി 11മണിയോടെ പുറത്തിറങ്ങാൻ എത്തിയപ്പോൾ ഗേറ്റ് അടച്ചിരുന്നു. ഇതുകാരണം കാറിന് മുകളിൽ കയറിയ ശേഷം ഗേറ്റിന് പുറത്തേക്ക് ചാടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കാറിൻെറ മുകൾ ഭാഗത്താണ് കേടുപാടുകൾ സംഭവിച്ചത്. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.