അലാസ്ക: കഴിഞ്ഞയാഴ്ചയാണ് അലാസ്‌കയിലെ ചില ഗ്രാമങ്ങളിൽ സൂര്യൻ അസ്തമിച്ചത്. ഇനി ഇവിടെ സൂര്യൻ ഉദിക്കണമെങ്കിൽ നീണ്ട 65 നാൾ കാത്തിരിക്കണം. വടക്കൻ അലാസ്‌കയിലെ ഉട്ക്വിയാഗ്വിക് എന്ന ഗ്രാമത്തിലാണ് ഈ അപൂർവപ്രതിഭാസം. ധ്രുവപ്രദേശത്തോട് ഏറ്റവും അടുത്ത് മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ ഒന്നാണിത്.
ശൈത്യകാലമാകുമ്പോഴേക്കും ഇവിടെ സൂര്യൻ അപ്രത്യക്ഷനാവും. പിന്നീട് ഈ പ്രദേശത്ത് എന്നും രാത്രിയായിരിക്കും. നവംബർ അവസാന വാരത്തോടെ സൂര്യൻ അസ്തമിച്ചാൽ പിന്നെ തിരിച്ചെത്തുന്നത് ഫെബ്രുവരി ആദ്യ വാരത്തോടെയാണ്. പോളാർ നൈറ്റ് അഥവാ ധ്രുവരാത്രി എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്.
ഉട്ക്വിയാഗ്വിക്കിൽ വേനൽക്കാലത്ത് അനുഭവപ്പെടുക വിപരീതമായ സ്ഥിതി വിശേഷമാണ്. അന്നേരം രണ്ട് മാസത്തിലേറെ ഈ പ്രദേശത്ത് സൂര്യൻ അസ്തമിക്കില്ല. ഈ അപൂർവ പ്രതിഭാസത്തിനു കാരണം ഭൂമിക്ക് സ്വതവേയുള്ള ചരിവും ഭൂമിയുടെ ഭ്രമണപഥത്തിന്റെ ദീർഘവൃത്താകൃതിയും ആണ്. ഈ ചരിവുകൾ മൂലം മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്നത് ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലാണ്. അതിനാൽ എപ്പോഴും സൂര്യപ്രകാശം ലഭിച്ചു കൊണ്ടേയിരിക്കും. ഇതിനാലാണ് വേനൽക്കാലത്ത് ഉത്തരധ്രുവത്തിൽ രണ്ടു മാസക്കാലത്തേക്ക് സൂര്യൻ അസ്തമിക്കാത്തതും. കാക്റ്റോവിക്, പോയിന്റ് ഹോപ്, അനക്റ്റുവക് പാസ് എന്നിവയാണ് അലാസ്‌കയിലെ സൂര്യനുദിക്കാത്ത മറ്റു ഗ്രാമങ്ങൾ.