kerala-police

കൊല്ലം: സമരങ്ങളിൽ കേസ് ചാർജ് ചെയ്യുമ്പോൾ ഇനി പൊലീസിന് മുന്നിൽ കണ്ടാലറിയാവുന്നവർ ഉണ്ടാവില്ല! പൊലീസ് നിഘണ്ടുവിലെ കാലപ്പഴക്കം ചെന്ന ഈ വാക്ക് വേണ്ടെന്ന് തലപ്പത്ത് നിന്ന് നിർദേശം വന്നുകഴിഞ്ഞു. പൊലീസ് സ്‌റ്രേഷൻ മാർച്ച്, വഴി തടയൽ തുടങ്ങിയ സമരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ നിയമലംഘകർക്കെതിരെയും കേസെടുക്കാനാണ് നിർ‌ദേശം.

ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബി.ജെ.പിയും സംഘപരിവാറും നിരന്തര പ്രക്ഷോഭങ്ങൾ തുടരവെയാണ് പൊലീസിന്റെ പുതിയ നീക്കം. വലിയ ആൾക്കൂട്ടമുണ്ടാകുന്ന പ്രക്ഷോഭങ്ങളെ രാഷ്‌ട്രീയ പരിപാടിയായി ലഘൂകരിച്ച് വിരലിലെണ്ണാവുന്നവരെ തിരിച്ചറിഞ്ഞ് കേസെടുത്തശേഷം ബഹുഭൂരിപക്ഷത്തെ കണ്ടാലറിയാവുന്നവരായി പ്രഖ്യാപിക്കുന്ന രീതിയായിരുന്നു ഇതുവരെ തുടർന്നിരുന്നത്.

എന്നാൽ പുതിയ സാഹചര്യത്തിൽ ഏത് പാർട്ടിയിൽപെട്ടവരായാലും സമരത്തിനിറങ്ങി നിയമലംഘനം നടത്തുന്ന എല്ലാവരെയും കണ്ടെത്താനാണ് നീക്കം. യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പൊലീസ് ഇതിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. സമരത്തിൽ പങ്കെടുക്കാൻ സാദ്ധ്യതയുള്ളവരുടെ പട്ടിക സ്‌പെഷ്യൽ ബ്രാഞ്ച് മുഖേന മുൻകൂട്ടി തയ്യാറാക്കും. സമരത്തിനെത്തുന്ന ആൾക്കൂട്ടത്തിന്റെ ആകെ ദൃശ്യങ്ങൾ വ്യക്തതയോടെ ചിത്രീകരിക്കും. പൊതുമുതൽ നശീകരണം ഉൾപ്പെടെയുള്ള ഗൗരവമേറിയ കേസുകളിൽ സംഭവസ്ഥലത്ത് നിന്ന് ഉത്തരവാദികളായവരെ പിടികൂടാനായില്ലെങ്കിലും പിന്നീട് അവരെ നിയമത്തിന് മുന്നിൽ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.