കൊല്ലം: നേതാക്കളെ കള്ളക്കേസിൽ കുടുക്കി ബി.ജെ.പി പ്രവർത്തകരെ തളർത്താമെന്ന പിണറായിയുടെ വ്യാമോഹം നടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻ നായർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്നാരോപിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളക്കേസുകൾ അടിക്കടി ചാർത്തി സുരേന്ദ്രന്റെ ജയിൽവാസം നീട്ടുന്ന പിണറായി നമ്പി നാരായണൻ കേസിലെ കോടതിവിധി ഓർക്കുന്നത് നന്നായിരിക്കുമെന്നും രാമൻ നായർ പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.എസ്. ശ്യാംകുമാർ, ദേശീയസമിതിയംഗം കെ.ശിവദാസൻ, ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ചന്ദ്രമോഹൻ, വസന്ത ബാലചന്ദ്രൻ, ബി.ഐ. ശ്രീനാഗേഷ്, വസന്തബാലചന്ദ്രൻ, ആയൂർ മുരളി, അനിൽ, സി. തമ്പി, ഓലയിൽ ബാബു, കൃഷ്ണൻ, രാജഗോപാൽ, മണ്ഡലം പ്രസിഡന്റുമാരായ കരുനാഗപ്പള്ളി വിജയൻ, വെറ്റമുക്ക് സോമൻ, ശൈലേന്ദ്രബാബു, നെടുമ്പന ശിവൻ, എ.ജി.ശ്രീകുമാർ, ചാത്തന്നൂർ സുനിൽ, പുത്തയം ബിജു, ഉമേഷ് ബാബു, വിളക്കുടി ചന്ദ്രൻ, രാജേന്ദ്രൻപിള്ള കുന്നത്തൂർ, സനൽ, ബിറ്റി സുരേഷ്, അഞ്ചന സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തു നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കമ്മിഷണർ ഓഫീസിന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് പ്രകടനം തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് കേസ്
മാർച്ചിൽ സംസാരിച്ച ബി.ജെ.പി നേതാക്കൾ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കിയതിന് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനും കേസെടുത്തിട്ടുണ്ട്. മൈക്ക് ഉപയോഗം തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മാർച്ചിനിടെ പൊലീസുകാരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.