കൊല്ലം: ഫാർമസി കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും കാലങ്ങളായി നിലനിൽക്കുന്ന ഇരട്ട നിയന്ത്രണം മാറ്റി ഫാർമസി കൗൺസിലിന് കീഴിലാക്കാൻ സാദ്ധ്യത തെളിഞ്ഞു. കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്ക‌‌ർ, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ജെ.പി. നദ്ദ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
നിലവിൽ ഫാർമസി കോഴ്സുകൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും (എ.ഐ.സി.ടി.ഇ) ഫാർമസി കൗൺസിലിന്റെയും സംയുക്ത നിയന്ത്രണത്തിലാണ്. ഫാർമസി കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളും വിദ്യാർത്ഥികളും രണ്ട് സ്ഥാപനങ്ങളിൽ നിന്നുമുള്ള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ഏറ്റു വാങ്ങേണ്ട സ്ഥിതിയായിരുന്നു. ഇതുമൂലമുണ്ടായ ആശയക്കുഴപ്പം നിരവധി കോടതി കേസുകൾക്കും ഇടയാക്കി. ഈ സാഹചര്യത്തിലാണ് ഫാർമസി കോഴ്സുകളെ എ.ഐ.സി.ടി.ഇ നിയന്ത്രണത്തിൽ നിന്നൊഴിവാക്കി ഫാർമസി കൗൺസിലിന് കീഴിൽ മാത്രമാക്കി മാറ്റാനുള്ള തീരുമാനം. ഇതുസംബന്ധിച്ച നിയമ നിർമ്മാണം പൂർണമാകുന്നതുവരെ ഫാർമസി കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പരിശോധനയുമെല്ലാം ഫാർമസി കൗൺസിലും എ.ഐ.സി.ടി.ഇ യും സംയുക്തമായി തുടരും. ഇരട്ട നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകളിൽ മന്ത്രിതലത്തിൽ എടുത്ത തീരുമാനം സംബന്ധിച്ച് ഇരുമന്ത്രാലയവും സത്യവാങ്മൂലം സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കോഴ്സുകൾ

ഡി. ഫാം (ഡിപ്ളോമ), ബി. ഫാം (ഡിഗ്രി), എം.ഫാം (ബിരുദാനന്തര ബിരുദം) എന്നീ കോഴ്സുകൾക്ക് പുറമെ ആറ് വർഷ ഫാം ഡി കോഴ്സുകളും നടത്തുന്ന രണ്ടായിരത്തിലേറെ സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്.