കൊല്ലം: തന്നെ കസ്റ്റഡിയിൽ വച്ച് അപായപ്പെടുത്താൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചു. കൊട്ടാരക്കര സബ് ജയിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പൊലീസ് വാഹനത്തിൽ കൊണ്ടു പോകുംമുമ്പ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30ന് വാറണ്ടിന് ഹാജരാകാൻ കോഴിക്കോട് പോകേണ്ടതാണ്. അവിടെ താമസിപ്പിക്കുന്നതിനു പകരം നടുവേദനയ്ക്ക് ബെൽറ്റ് ഇട്ടിരിക്കുന്ന തന്നെ ഇവിടെ തിരികെ കൊണ്ട് വന്നിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് ഉദ്യോഗസ്ഥരെ വിളിച്ചു നിർദ്ദേശം കൊടുക്കുകയാണ്. ഇത് മനപൂർവം പ്രകോപനം സൃഷ്ടിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കോഴിക്കോട് നിന്ന് ഉച്ചക്ക് 12 ഓടെയാണ് കെ. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിൽ കൊണ്ടുവന്നത്. ഇതറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ ജയിലിനു മുന്നിൽ തടിച്ച് കൂടി. കഴിഞ്ഞദിവസം രാത്രി രഹസ്യമായി കൊണ്ടുപോകാനായിരുന്നു പൊലീസിന്റെ നീക്കമെങ്കിലും എതിർപ്പ് ഉയർന്നതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് 4.30 ഓടെയാണ് കൊട്ടാരക്കരയിൽ നിന്ന് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയത്. തോളിൽ ഇരുമുടി കെട്ടുമായാണ് സുരേന്ദ്രന്റെ യാത്ര.