കരുനാഗപ്പള്ളി: സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗമെന്ന് യോഗം കൗൺസിലർ വനജാ വിദ്യാധരൻ പറഞ്ഞു. ശ്രീനാരായണ ധർമ്മപ്രചാരണത്തിന്റെ ഭാഗമായി ' യോഗത്തിന്റെ പ്രവർത്തനങ്ങളിൽ വനിതാസംഘത്തിനുള്ള പങ്ക് ' എന്ന വിഷയത്തെ ആസ്പദമാക്കി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വനജാ വിദ്യാധരൻ. സ്ത്രീ ശാക്തീകരണമെന്ന ആശയം കേരളത്തിന്റെ മണ്ണിൽ ആദ്യമായി സംഭാവന ചെയ്തത് ശ്രീനാരായണ ഗുരുദേവനായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തിൽ സ്ത്രീകൾക്ക് സംഘടനാ പ്രവർത്തനങ്ങളിൽ പ്രധാന സ്ഥാനം നൽകുന്നതിനുള്ള നിർദ്ദേശം അദ്ദേഹം നൽകി. ഏഷ്യയിലെ ഏറ്റവും ശക്തമായ സാമുദായിക സംഘടനയായ എസ്.എൻ.ഡി.പി യോഗത്തിലൂടെ സ്ത്രീകളെ മുഖ്യധാരാ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം ഇതോടെയാണ് ആരംഭിച്ചത്. വർത്തമാന കാലഘട്ടത്തിൽ ഭരണകൂടവും കോടതിയും ആവശ്യമില്ലാത്ത നിയമങ്ങൾ സ്ത്രീകളിൽ അടിച്ചേല്പിക്കുകയാണ്. ഇന്നത്തെ പരിഷ്കൃത സമൂഹത്തിൽപ്പോലും സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നു. ആത്മീയ വിദ്യാഭ്യാസവും മനുഷ്യ നന്മയ്ക്ക് അനിവാര്യമാണെന്ന് വനജാ വിദ്യാധരൻ പറഞ്ഞു.
യോഗത്തിൽ വനിതാസംഘം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് രമണി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ .ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, കുന്നേൽ രാജേന്ദ്രൻ, എസ്.സലിംകുമാർ, എം.മോനി, രമാഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. . വനിതാ സംഘം യൂണിയൻ സെക്രട്ടറി മധുകുമാരി സ്വാഗതവും വൈസ് പ്രസിഡന്റ് സ്മിത നന്ദിയും പറഞ്ഞു.