കൊല്ലം: ജനങ്ങൾക്ക് ശുചിത്വമുള്ള പച്ച മത്സ്യവുമായി ഫിഷറീസ് വകുപ്പിന്റെ 'അന്തിപച്ച" മൊബൈൽ ഫിഷ്‌മാർട്ട് ഡിസംബർ ഒന്ന് മുതൽ ജില്ലയിൽ പ്രവർത്തനമാരംഭിക്കും.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശുദ്ധമായ മത്സ്യം എത്തിക്കുന്നതിനുള്ള ഫിഷറീസ് വകുപ്പിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് അന്തിപച്ച മൊബെൽ മാർട്ടിന് രൂപം നൽകിയിട്ടുള്ളതെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.
ക്രിസ്‌മസ് - നവവത്സര സമ്മാനമായാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. തദ്ദേശീയരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്നാണ് അന്തിപച്ചയ്ക്കുള്ള മത്സ്യം സംഭരിക്കുന്നത്. അതാത് ദിവസമുള്ള മത്സ്യം സംഭരിച്ച് വില്പന നടത്തുന്നതിനാണ് തീരുമാനം.
മത്സ്യം കേടാകാതിരിക്കാനുള്ള കാര്യക്ഷമമായ ഫ്രീസിംഗ് സംവിധാനം വാഹനത്തിൽ ഉണ്ടാകും. രാസപദാർത്ഥങ്ങൾ ചേർക്കാത്ത മത്സ്യം വിതരണം ചെയ്യുന്നതിന് ഇത് സഹായകരമാകും.
നേരിട്ട് വാങ്ങുമ്പോഴും വിൽക്കുമ്പോഴും രാസപദാർത്ഥങ്ങൾ ചേർക്കാതെ തന്നെ മത്സ്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മുഴുവനായ മത്സ്യം, ക്ലീൻ ചെയ്ത് പാചകത്തിന് തയ്യാറാക്കിയ റെഡി ടു കുക്ക് മത്സ്യം, റെഡി ടു ഈറ്റ് മത്സ്യങ്ങൾ, മറ്റ് മത്സ്യ ഉത്പന്നങ്ങൾ എന്നിവ ന്യായമായ വിലയ്ക്ക് ഗുണഭോക്താക്കൾക്ക് ലഭ്യമാകും.
കുണ്ടറ ഹോസ്പിറ്റൽ ജംഗ്ഷൻ, ഇളമ്പള്ളൂർ, കരിക്കോട്, കളക്‌ടറേറ്റ്, ലിങ്ക്‌റോഡ്, കൊല്ലം ബീച്ച് എന്നിവിടങ്ങളിൽ വാഹനമെത്തുന്ന രീതിയിലാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ആരോഗ്യത്തിന് ഹാനീകരമാകുന്ന അമോണിയ, ഫോർമാലിൻ, മറ്റ് രാസവസ്തുക്കൾ ചേർക്കാത്ത ഗുണനിലവാരമുള്ള പച്ചമത്സ്യങ്ങളും ഉണക്കമത്സ്യങ്ങളും, മൂല്യവർദ്ധിത ഉത്പന്നങ്ങളും മൊബൈൽ മാർട്ടിൽ നിന്ന് ലഭിക്കും.
കാഞ്ഞിരോട് കായലിലെ രുചിയേറിയ കരിമീൻ പ്രത്യേകം ബ്രാൻഡ് ചെയ്ത് ലഭ്യമാക്കും. ചാള, അയല, നെത്തോലി, നെയ്‌മീൻ, ചൂര, വാള, ആവോലി, ഞണ്ട്, കക്ക, കൊഞ്ച് എന്നിവ അതാത് ദിവസത്തെ ലഭ്യതയ്ക്ക് അനുസൃതമായി അന്തിപച്ചയിൽ ലഭിക്കും.