കൊല്ലം: ചുരിദാറിൽ പകർത്തിയിരുന്ന കുറിപ്പുനോക്കി പരീക്ഷ എഴുതിയെന്ന് ആരോപിച്ച് ഹാളിൽ നിന്ന് പുറത്താക്കപ്പെട്ട ബിരുദ വിദ്യാർത്ഥിനി ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാംവർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി കൊല്ലം കൂട്ടിക്കട ശ്രീരാഗത്തിൽ രാധാകൃഷ്‌ണന്റെ മകൾ രാഖികൃഷ്‌ണ (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12.30ന് എസ്.എൻ കോളേജിന് സമീപത്തെ റെയിൽവേ ട്രാക്കിൽ കേരള എക്‌സ്‌പ്രസ് ഇടിച്ചായിരുന്നു മരണം.
രാവിലെ ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിനിടെ രാഖിയുടെ ചുരിദാറിൽ പേന ഉപയോഗിച്ച് എഴുതിയിരിക്കുന്നത് പരീക്ഷാ ചുമതലയുണ്ടായിരുന്ന അദ്ധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ കോളേജിലെ പരീക്ഷാ സ്ക്വാഡിനെ വിവരം അറിയിച്ചു. ചുരിദാർ ടോപ്പിൽ പേന കൊണ്ടെഴുതിയ ഭാഗത്തിന്റെ ചിത്രം പകർത്തിയ സ്ക്വാഡ് അംഗം രാഖിയെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കി. പിന്നീട് സ്റ്റാഫ് റൂമിൽ ഇരുത്തിയ ശേഷം വീട്ടിൽ വിളിച്ച് രക്ഷിതാക്കൾ ആരെങ്കിലും കോളേജിലെത്താൻ നിർദ്ദേശിച്ചു. വീട്ടിൽ നിന്ന് രക്ഷിതാക്കൾ എത്തും മുൻപ് രാഖി സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്കു പോയി. കുട്ടിയെ കാണാതായതോടെ കോളേജ് അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസും കോളേജ് അധികൃതരും അന്വേഷണം നടത്തുന്നതിനിടെയാണ് ട്രെയിൻ തട്ടി മരിച്ച വിവരം അറിഞ്ഞത്.
അതിരു കടന്ന ശകാരം
അദ്ധ്യാപകരുടെ അതിരു കടന്ന ശകാരവും പരീക്ഷയിൽ നിന്ന് അയോഗ്യയാക്കുമെന്ന ഭീതിയുമാണ് രാഖി ആത്മഹത്യ ചെയ്യാൻ കാരണമെന്നും ചുരിദാറിലെ പേനകൊണ്ടുള്ള എഴുത്ത് ഇന്നലത്തെ പരീക്ഷയുമായി ബന്ധമുള്ളതല്ലെന്നും സഹപാഠികൾ പറഞ്ഞു.
കോളേജ് അധികൃതരുടെ വീഴ്ചയും നിർദ്ദയമായ പെരുമാറ്റവുമാണ് രാഖിയുടെ മരണത്തിന് കാരണമെന്നാരോപിച്ച് വിദ്യാർത്ഥികൾ അദ്ധ്യാപകരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. കോളേജ് ഗേറ്റ് പുറത്തുനിന്ന് പൂട്ടിയായിരുന്നു പ്രതിഷേധം. വിവരം അറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കോളേജ് അധികൃതർ തയ്യാറായില്ല. മൃതദേഹം ഇന്നലെ രാത്രിയോടെ പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ശ്രീജാത. സഹോദരൻ: രാഹുൽ കൃഷ്‌ണ.