elikkattoor-palam
എലിക്കാട്ടൂര്‍ പാലം

പത്തനാപുരം : കല്ലടയാറിന് കുറുകെ നിർമ്മിച്ച എലിക്കാട്ടൂർ പാലം നാളെ നാടിന് സമർപ്പിക്കും. പത്തനാപുരം താലൂക്കിലെ പിറവന്തൂർ,വിളക്കുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. നബാർഡിൽ നിന്ന് 5 കോടി രൂപ അനുവദിച്ചാണ് പാലം നിർമ്മിച്ചത്. എലിക്കാട്ടൂർ,കമുകുംചേരി പ്രദേശത്തുള്ളവർക്ക് പാലത്തിലൂടെ പുനലൂരിലേക്ക് എത്തിച്ചേരുക എളുപ്പമാകും . 20 കിലോമീറ്റർ അധികയാത്രയാണ് ലാഭിക്കാനാവുക. അപ്രോച്ച് റോഡിന്റെ ടാറിങ് മാത്രമാണ് അവശേഷിക്കുന്നത്. പാലം ചായംപൂശി മോടിപിടിപ്പിക്കുന്ന ജോലികൾ പൂർത്തിയായി. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവഹിക്കും​. കെ.ബി ഗണേഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കുമെന്ന് നിർമ്മാണ കമ്മറ്റി ചെയർമാൻ പിറവന്തൂർ ഗോപാലക്യഷ്ണൻ അറിയിച്ചു.