കൊല്ലം: മൺറോത്തുരുത്ത് മുക്കത്ത് പാലത്തിന്റെ പുനർ നിർമ്മാണം ഇഴയുന്നത് നാട്ടുകാരെ വലയ്ക്കുന്നു. ഇതിലൂടെയുള്ള ബസ് സർവീസ് കൂടി നിലച്ചതോടെ പ്രദേശവാസികൾ ദുരിതത്തിലായി. കഴിഞ്ഞ പ്രളയകാലത്താണ് എസ്.കെ.ബി കടയ്ക്ക് സമീപമുള്ള മുക്കത്ത് പാലത്തിന് ബലക്ഷയമുണ്ടായത്. ചിറ്റുമല- മൺറോത്തുരുത്ത് റോഡിന്റെ ഭാഗമായ പാലത്തിന്റെ ഇരുവശവുമുള്ള ഒന്നരമീറ്റർ വീതമാണ് ഇളകിപ്പോയത്. തുടർന്നാണ് പാലത്തിന്റെ പുനർനിർമ്മാണത്തിന് നടപടി തുടങ്ങിയത്. കുണ്ടറ-മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ റോഡിനായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 26.28 കോടി അനുവദിച്ചിരുന്നു. റോഡിന്റെ വീതികൂട്ടി ടാറിംഗും പൊളിഞ്ഞ കലുങ്കുകളുടെ നവീകരണവും സംരക്ഷണഭിത്തി നിർമ്മാണവുമൊക്കെയാണ് ഈ പദ്ധതിയിലുൾപ്പെടുത്തിയിരുന്നത്. ഇതിന്റെ ഭാഗമായാണ് മുക്കത്ത് പാലം പൊളിച്ച് നീക്കിയത്. ഇതോടെ റെയിൽവേ സ്റ്റേഷൻ ഭാഗത്തേയ്ക്കുള്ള ബസ് സർവീസ് പൂർണമായും മുടങ്ങി. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സംവിധാനമുണ്ടാക്കിയതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല. എന്നാൽ പാലത്തിന്റെ പുനർനിർമ്മാണം വൈകുന്നതാണ് ജനങ്ങളെ വലയ്ക്കുന്നത്. ഒരാഴ്ച മുൻപാണ് പാലത്തിന്റെ അടിത്തട്ടിന്റെ കോൺക്രീറ്റ് കഴിഞ്ഞത്. ഇതുവഴി കല്ലടയാറ്റിലേയ്ക്കെത്തുന്ന തോടിന് കുറുകെയാണ് പാലം നിർമ്മിക്കേണ്ടത്. മൺറോത്തുരുത്ത് മുക്കത്ത് പാലത്തിന് അര നൂറ്റാണ്ട് പഴക്കമുണ്ട്.
വീതി കൂട്ടും
പാലത്തിന് നിലവിൽ അഞ്ച് മീറ്ററാണ് വീതി. പുനർ നിർമ്മിക്കുമ്പോൾ 8 മീറ്റർ വീതിയുണ്ടാവും. റോഡിന് വീതി കൂട്ടിയാണ് ടാറിംഗ് ഉൾപ്പടെ നടത്തുന്നത്. ഒരു മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്.
മുക്കത്ത് പാലം നിർമ്മാണത്തിന് ഒരു മാസം മതിയാവുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും നിർമ്മാണം വേണ്ട വിധത്തിൽ നടന്നില്ല. നാട്ടുകാരുടെ യാത്രാക്ലേശം മാറണമെങ്കിൽ എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കണം.
(ബി. ഗോപാലകൃഷ്ണൻ, ഗ്രാമപ്പഞ്ചായത്തംഗം, മൺറോത്തുരുത്ത് പഞ്ചായത്ത്)