ഓയൂർ: വെളിയം പടിഞ്ഞാറ്റിൻകരയിൽ വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന രണ്ടു കിലോ കഞ്ചാവുമായി പടിഞ്ഞാറ്റിൻകര ചൂരക്കോട് മോഹനത്തിൽ അനന്ദു (23) വിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡും പൂയപ്പള്ളി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടിലെ കമ്പത്ത് നിന്ന് ബൈക്കിലും ട്രെയിനിലുമായാണ് അനന്ദു കഞ്ചാവ് കൊണ്ട് വന്നിരുന്നത്. ഒരു കിലോയ്ക്ക് 15000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 10 ഗ്രാം വീതമുള്ള പൊതികളാക്കി ഒന്നിന് 50 രൂപയെന്ന നിരക്കിലായിരുന്നു വില്പന. പ്ലസ് ടു പാസായ ഇയാൾ ഡിഗ്രിക്ക് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ കഴിഞ്ഞ ഒരുവർഷമായി കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. പൂയപ്പള്ളി എസ്.ഐ രാജേഷ്‌കുമാർ, ഷാഡോ എസ്.ഐ ബിനോജ്, സി.പി.ഒമാരായ ഷാജഹാൻ, ആഷിഷ് കോവൂർ, റെജിമോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.