ഓച്ചിറ: പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ സമാപനദിവസമായ ഇന്നലെ ക്ഷേത്രത്തിൽ അഭൂതപൂർവമായ ഭക്തജനത്തിരക്കായിരുന്നു. പന്ത്രണ്ട് വിളക്ക് കണ്ട് തൊഴാൻ ആയിരങ്ങളാണ് പടനിലത്തെത്തിയത്.
കിഴക്കും പടിഞ്ഞാറും ആൽത്തറകളിൽ നിന്ന് കൊളുത്തിയ ദീപം ഭക്തജനങ്ങൾ പടനിലത്താകെ സ്ഥാപിച്ച മൺചിരാതുകളിലേക്ക് പകർന്നു. ആദ്യം ആൽത്തറകളുടെ ചുറ്റിലുള്ള കൽവിളക്കുകളിലാണ് ദീപം തെളിച്ചത്. തുടർന്ന് കുടിലുകളിലും സത്രങ്ങളിലും താമസിക്കുന്നവർ ആയിരക്കണക്കിന് മൺചിരാതുകളിലേയ്ക്ക് ദീപം പകർന്നതോടെ പടനിലമാകെ ദീപപ്രഭയിൽ മുങ്ങി. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഭജനമിരുന്ന ആയിരങ്ങൾ വിളക്ക് കണ്ട് തൊഴുത് വീടുകളിലേക്ക് മടങ്ങി. ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഭരണസമിതിയും പൊലീസും ചേർന്ന് ഏർപ്പെടുത്തിയിരുന്നു.