കൊല്ലം: കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ (എ.ഐ.ടി.യു.സി) മേഖലാ പ്രചാരണ ജാഥ പര്യടനം തുടങ്ങി. കിളികൊല്ലൂർ പ്രശാന്തി കാഷ്യു ഫാക്ടറിക്ക് മുന്നിൽ കേന്ദ്ര കൗൺസിൽ പ്രസിഡന്റ് എ. ഫസലുദ്ദീൻഹക്ക് ജാഥ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ ജി ലാലു, വൈസ് ക്യാപ്ടൻ സി.ജി. ഗോപുകൃഷ്ണൻ, ഡയറക്ടർ അയത്തിൽ സോമൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു, ആർ. മുരളീധരൻ, മുളവന രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. ജി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. പി. രാജു സ്വാഗതം പറഞ്ഞു.
ജാഥയ്ക്ക് വടക്കേവിള, നെടുമ്പന, മുഖത്തല, ചാത്തന്നൂർ, കൊറ്റംകര, കുണ്ടറ കേന്ദ്രകൗൺസിലുകളുടെ ആഭിമുഖ്യത്തിൽ ആവേശകരമായ സ്വീകരണം ലഭിച്ചു. ജാഥ ഇന്ന് കൊട്ടാരക്കര, പുനലൂർ, പത്തനാപുരം താലൂക്കുകളിൽ പര്യടനം നടത്തും. സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കുക, സ്റ്റാഫിന്റെ ശമ്പളം പരിഷ്‌കരിക്കുക, ഗ്രാറ്റുവിറ്റി വിതരണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രകൗൺസിലിന്റെ നേതൃത്വത്തിൽ 5 ന് നടത്തുന്ന കളക്ടറേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ചിട്ടുള്ള ജാഥകൾ 30ന് സമാപിക്കും.