photo
തകർന്ന് കിടക്കുന്ന വെട്ടത്തുമുക്ക് - ചെമ്പകശ്ശേരികടവ് റോഡ്.

കരുനാഗപ്പള്ളി: കുഴിയിൽ നിന്ന് കുഴിയിലേക്കാണ് വെട്ടത്തുമുക്ക് - ചെമ്പകശേരിക്കടവ് റോഡിലൂടെയുള്ള യാത്ര . നടുവൊടിക്കുന്ന യാത്രയിൽ പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ.

കരുനാഗപ്പള്ളി നഗരസഭയിലെ 19, 20 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മിക്ക ഭാഗങ്ങളും തകർന്ന് കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഓട്ടോറിക്ഷകൾ പോലും ഇതുവഴി വരാൻ മടിക്കുന്നു. ഒരു തവണ ഒാടിക്കഴിഞ്ഞാൽ വാഹനം വർക് ഷോപ്പിൽ കയറ്റേണ്ടിവരുമെന്ന് ഡ്രൈവർമാർ പറയുന്നു. ഇതുവഴി കെ.എസ്.ആർ.ടി.സി ബസും സർവീസ് നടത്തുന്നുണ്ട്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിനെ അധികൃതർ അവഗണിച്ച മട്ടാണ്. കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കന്നേറ്റി സി.എം.എസ് എൽ.പി സ്കൂൾ, മനയശേരിൽ ദേവീക്ഷേത്രം, പുത്തൻപറമ്പിൽ ദേവീക്ഷേത്രം, ളായിൽ ദേവീക്ഷേത്രം എന്നിവ റോഡിന് സമീപമാണ്. കരുനാഗപ്പള്ളി താലൂക്കിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കൊതിമുക്ക് വട്ടക്കായലിൽ എത്തിച്ചേരാനുള്ള ഏക മാർഗവും ഈ റോഡാണ്. ക്ലബ് ക്യൂ എന്ന വിനോദസഞ്ചാര.കേന്ദ്രം കൊതിമുക്ക് വട്ടക്കായലിന്റെ തീരത്താണ്.ഇരുനൂറോളം കുടുംബങ്ങൾ റോഡിനെ ആശ്രയിക്കുന്നുണ്ട്, ഏഴ് വർഷങ്ങൾക്ക് മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത് ഇതിന് ശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. റോഡിന്റെ മിക്ക ഭാഗങ്ങളിലും ഓടയില്ലാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം. മഴ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ വെള്ളം റോഡിൽ കെട്ടിക്കിടക്കും. നിലവിലുള്ള ഓട പ്രധാന ഓടയുമായി ബന്ധിപ്പിച്ചിട്ടുമില്ല. ഇതുമൂലം വെള്ളം കെട്ടിനിൽക്കുന്ന ഓട കൊതുകുകളുടെ ആവാസകേന്ദ്രമാണ്. നഗരസഭയുടെ ഫണ്ട് മാത്രം ഉപയോഗിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.ഇതിന് മറ്റ് ഫണ്ടുകൾ കൂടി വേണ്ടിവരും. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.