പുനലൂർ:തെന്മല ഗ്രാമപഞ്ചായത്തിലെ ചാലിയക്കര-ഉപ്പുകുഴി കോഴിപ്പാലം തകർന്നതു മൂലം യാത്ര ദുരിതം. ഇതുവഴിയുളള ഗതാഗതം മുടങ്ങിയിട്ട് ഒന്നര മാസം പിന്നിടുന്നു.ചാലിയക്കര- അഞ്ചേക്കർ തോടിന് കുറുകെയാണ് പാലം. കനത്ത മഴയിലാണ് പാലത്തിന്റെ ഒരുഭാഗം അടർന്ന് ഇരുത്തിയത്. കോൺക്രീറ്റ് വിണ്ടുകീറിയിരിക്കുകയാണ്. അന്നുമുതൽ ഇരുചക്ര വാഹനങ്ങൾ മാത്രമാണ് പാലം വഴി പോകുന്നത്. വിള്ളൽവീണ് ഒരു ഭാഗം ഇളകിമാറിയതിനാൽ വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയില്ല. ഉപ്പുകുഴി, ചെറുകടവ്, മാമ്പഴത്തറ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ചാലിയക്കരയിൽ എത്താതെ അമ്പിക്കോണം ,ദേശീയപാതയിലെ കലയനാട് വഴി പുനലൂരിൽ പോകുന്ന സമാന്തര പാതയിലാണ് പാലം. ഇവിടെയുള്ളവർക്ക് ചാലിയക്കര വഴി പുനലൂരിൽ എത്തണമെങ്കിൽ ഇപ്പോൾ 12 കിലോമീറ്റർ സഞ്ചരിക്കണം. എന്നാൽ നേരത്തെ 6 കിലോമീറ്റർ യാത്രയേ ഉള്ളായിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.