കൊല്ലം: റെയിൽവെ സ്റ്റേഷന് സമീപം കർബലയിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മാണം പൂർത്തിയായ ഉപഭോക്തൃ തർക്ക പരിഹാരം ഫോറത്തിന്റെ (സി.ഡി.ആർ.എഫ്) പുത്തൻ രണ്ട് നില കെട്ടിടം അന്യ സംസ്ഥാന തൊഴിലാളികൾ താവളമാക്കി. സിവിൽ സ്റ്റേഷനിലെ കുടുസ് മുറിയിൽ ഫോറത്തിന്റെ ഇപ്പോഴത്തെ ഓഫീസ് വീർപ്പുമുട്ടുമ്പോഴാണ് നിർമ്മാണം പൂർത്തിയായ കെട്ടിടം അന്യ സംസ്ഥാന തൊഴിലാളികൾ കഞ്ഞിയും കറിയും വച്ച് കയ്യടക്കിയത്.
പത്ത് വർഷം മുൻപാണ് കർബലയിൽ ഫോറത്തിന്റെ പുതിയ ഓഫീസ് നിർമ്മാണം തുടങ്ങിയത്. ആദ്യഘട്ടമായി ഒരു നില പൂർത്തീകരിച്ചു. 2015ൽ രണ്ടാംനില നിർമ്മാണത്തിനായി കേന്ദ്രം വീണ്ടും പണം അനുവദിച്ചു. ഇതിനിടെ സിവിൽ സ്റ്റേഷനിൽ നിന്ന് ഫോറത്തിന്റെ ഓഫീസ് മാറ്റുന്നതിനെതിരെ ചില അഭിഭാഷകർ കോടതിയെ സമീപിച്ചു. ഇതോടെ രണ്ടാംഘട്ട നിർമ്മാണം രണ്ട് വർഷത്തോളം തടസപ്പെട്ടു. ആറ് മാസം മുൻപാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായത്. ഇനി അവേശേഷിക്കുന്ന ഓഫീസ് സജ്ജീകരണം പൊതുമരാമത്ത് വകുപ്പ് അനന്തമായി നീട്ടുകയാണ്.
പൊതുജനങ്ങൾക്ക് സ്വതന്ത്രമായും ഭയമില്ലാതെയും സമീപിക്കാൻ കഴിയുന്നിടത്താകണം ഫോറത്തിന്റെ ഓഫീസെന്നാണ് ചട്ടം. ഇതുപ്രകാരമാണ് കോടതിയോട് ചേർന്നുള്ള ഇപ്പോഴത്തെ ഓഫീസിന് പകരം പുതിയ കെട്ടിടത്തിന് പണം അനുവദിച്ചത്. ഇപ്പോഴത്തെ ഓഫീസിന്റെ ഇടതും വലതുമെല്ലാം കോടതിയായതിനാൽ ജനങ്ങൾ സമീപിക്കാൻ ഭയപ്പെടുന്നതായി പരാതിയുണ്ട്. ഇവിടെ രേഖകൾ സൂക്ഷിക്കാൻ വേണ്ടത്ര സ്ഥലമില്ല. പരാതിക്കാരെ ഫോറം ഹിയറിംഗിന് വിളിക്കുന്നത് വരെ വിശ്രമിക്കാനും ഇടമില്ല. അതേസമയം നിലവിലെ ഓഫീസ് ഒഴിയാനിരിക്കെ അവിടെ പതിനായിരങ്ങൾ ചെലവിട്ട് മോടിപിടിപ്പിക്കൽ നടക്കുന്നതായും പരാതിയുണ്ട്.
സ്ഥല സൗകര്യക്കുറവ് ഫോറത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ആയിരക്കണക്കിന് പരാതികൾ കെട്ടിക്കിടക്കുകയാണ്. ഒന്നാന്തരം കെട്ടിടമാണ് കർബലയിൽ പൂർത്തിയായിരിക്കുന്നത്. ഇവിടേക്ക് എത്രയും വേഗം ഫോറത്തിന്റെ ഓഫീസ് മാറ്റണം.
ലൈക് പി. ജോർജ്ജ് (ജനകീയ ഉപഭോക്തൃ സമിതി ജനറൽ സെക്രട്ടറി)