pala
പാലരുവി-തിരുനെൽവേലി എക്സ് പ്രസ് കടന്ന് പോകുന്ന തെന്മല 13കണ്ണറ പാലം.

പുനലൂർ: മഴക്കെടുതിയെ തുടർന്ന് നിറുത്തിവച്ചിരുന്ന പാലക്കാട് ​പാലരുവി- തിരുനെൽവേലി എക്സ് പ്രസ് ട്രെയിൻ ഡിസംബർ ഒന്നിന് പുനരാരംഭിക്കും. മണ്ണിടിയുന്നതും മരം കടപുഴകി വീഴുന്നതും കണക്കിലെടുത്ത് ആഗസ്റ്റ് 15നാണ് സർവീസ് താത്കാലികമായി നിറുത്തിയത്. കാലാവസ്ഥ മാറുകയും ആര്യങ്കാവിലെ റെയിൽവേ ട്രാക്കിലെ പുനരുദ്ധാരണ ജോലികൾ പൂർത്തിയായതോടെയുമാണ് സർവീസ് വീണ്ടും തുടങ്ങുന്നത്. പുനലൂർ മുതൽ ഭഗവതിപുരം വരെ ടെയിൻ പോകുന്നത് പശ്ചിമഘട്ട വനമേഖയിലൂടെയാണ്. 45കിലോമീറ്റർ ദൈർഘ്യമുളള പാത കടന്നുപോകുന്നിടത്ത് 27 കണ്ണറ പാലങ്ങളും ആറ് തുരങ്കങ്ങളും ഒരു ബയോഡേക്ടറുമുണ്ട്. ഇതുമൂലം 30കിലോമീറ്റർ വേഗതയിലാണ് ഇതുവഴി ട്രെയിൻ പോകുന്നത്. പുനലൂർ-ചെങ്കോട്ട ഗേജ്മാറ്റ ജോലികൾ പൂർത്തിയാക്കിയ ശേഷം രാത്രിയിൽ ഓടിയിരുന്ന ഏകട്രെയിനായിരുന്നു പാലരുവിയിൽ നിന്നുള്ള എക്സ്പ്രസ്. എല്ലാ ദിവസവും രാത്രി 11.25നാണ് കൊല്ലത്ത് എത്തുന്നത്.12.50 പുനലൂരിലും പുലർച്ചെ 1.30ന് തെന്മലയിലും എത്തിയ ശേഷം രാവിലെ ആറിന് തിരുനെൽവേലിയിലെത്തും.തിരുനെൽവേലിയിൽ നിന്നുള്ള മറ്റൊരു എക്സ്പ്രസ് ട്രെയിൻ രാത്രി 11.30ന് പാലരുവിയിലേക്ക് പുറപ്പെടും.പുലർച്ചെ 2.45ന് പുനലൂരിൽ എത്തിയ ശേഷം 3.20ന് പാലക്കാട്ടേക്ക് പുറപ്പെടും. മഴയെ തുടർന്ന് നിറുത്തിവച്ചിരുന്ന താംബരം -കൊല്ലം എക്സ്പ്രസ് ട്രെയിൻ സർവീസ് നേരത്തേതന്നെ പുനരാരംഭിച്ചിരുന്നു. ഇത് ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ് നടത്തുന്നത്.