കൊല്ലത്ത് ഇന്ന് വിദ്യാഭ്യാസ ബന്ത്
കൊല്ലം: ഫാത്തിമ മാത നാഷണൽ കോളേജ് വിദ്യാർത്ഥിനി രാഖികൃഷ്ണയുടെ മരണത്തിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം രൂക്ഷമായി. എ.ബി.വി.പിയും കെ.എസ്.യുവും ഇന്ന് ജില്ലയിൽ വിദ്യാഭ്യാസ ബന്ത് നടത്തും.
ഇന്നലെ രാവിലെ 10 മണിയോടെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കോളേജിലേക്ക് ആദ്യ പ്രകടനമെത്തി. കോളേജ് ഗേറ്റിന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞെങ്കിലും പ്രവർത്തകർ ഇത് തകർത്തു. തുടർന്ന് പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്താണ് രംഗം ശാന്തമാക്കിയത്. പിന്നാലെ എ.ബി.വി.പിയും കോളേജിലേക്ക് പ്രകടനം നടത്തി. ബാരിക്കേഡ് തകർക്കാൻ ഇവരും ശ്രമം നടത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു.
കോളേജ് കവാടത്തിന് മുന്നിൽ പ്രതിഷേധ യോഗം നടത്തി ഇവർ പിൻവാങ്ങിയതിന് പിന്നാലെ എ.ഐ.എസ്.എഫ് പ്രവർത്തകർ പ്രകടനമായെത്തി. ഏതാനും പേർ കോളേജ് മതിൽ ചാടിക്കടന്ന് അക്രമത്തിന് ശ്രമിച്ചപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് ജെ. അരുൺബാബു ഉദ്ഘാടനം ചെയ്തു.
പിന്നാലെ എസ്.എൻ കോളേജിൽ നിന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള പ്രകടനമെത്തി. ഇവർ മതിൽ ചാടിക്കടന്ന് കോളേജിന്റെ പ്രവേശന കവാടത്തിലെ ബോർഡുകൾ തല്ലിത്തകർത്തു. കസേരകളും മറ്റ് ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടു. എ.സി.പി എ. പ്രദീപ് കുമാറിന്റെയും സി.ഐ എസ്. മഞ്ജുലാലിന്റെയും നേതൃത്വത്തിൽ പൊലീസ് ഇടപെട്ടാണ് അക്രമം കാട്ടിയവരെ കാമ്പസിൽ നിന്ന് പുറത്തിറക്കിയത്. തുടർന്ന് നടന്ന യോഗം കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം. സജി ഉദ്ഘാടനം ചെയ്തു. യോഗം അവസാനിച്ചതോടെ പിൻനിരയിൽ നിന്ന് കല്ലേറുണ്ടായി.