കൊല്ലം: കോളേജിൽ നിന്നുണ്ടായ മാനസിക പീഡനത്തിന്റെ പേരിൽ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ രാഖികൃഷ്ണയ്ക്ക് യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കൊല്ലം കൂട്ടിക്കടയിലെ വീടായ ശ്രീരാഗത്തിലേക്ക് കൊണ്ടുവന്നത്. ബന്ധുക്കളും വിദ്യാർത്ഥികളും നാട്ടുകാരും പൊതുപ്രവർത്തകരുമായി വൻ ജനാവലി വീട്ടുമുറ്റത്ത് കാത്ത് നിന്നിരുന്നു. അച്ഛൻ രാധാകൃഷ്ണനും അമ്മ ശ്രീജാതയും സഹോദരൻ രാഹുൽ കൃഷ്ണയും ദുഃഖമടക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു. ഏറെനേരം മുറിക്കുള്ളിൽ വച്ചിരുന്ന പൊന്നുമോളുടെ ചേതനയറ്റ ദേഹത്തെ വാരിപ്പുണരാൻ ശ്രമിച്ച് അലമുറയിട്ട ശ്രീജാത കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. അപ്രതീക്ഷിതമായി തങ്ങളുടെ കൂട്ടുകാരിയെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്നു സഹപാഠികൾ. അവരുടെ വിങ്ങലും പലപ്പോഴും അലമുറയിടലായി മാറി. 3.45 ഓടെയാണ് വീട്ടിൽ നിന്ന് മൃതദേഹം പുറത്തേക്കെടുത്തത്. സമീപത്ത് തന്നെയുള്ള കുടുംബ വീടിന്റെ പുരയിടത്തിലായിരുന്നു സംസ്കാരം.