ചെന്നൈ സൂപ്പർഫാസ്റ്റ് മെറ്റൽ കൂനയിൽ ഇടിച്ചു നിന്നു
ഓച്ചിറ: റെയിൽപാളത്തിൽ മെറ്റൽ കൂനകൂട്ടി ട്രെയിൻ അട്ടിമറിയ്ക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 6.04 ന് കരുനാഗപ്പള്ളിക്കും ഓച്ചിറക്കും മദ്ധ്യേ ചങ്ങൻകുളങ്ങരയ്ക്ക് സമീപമാണ് സംഭവം. കരുനാഗപ്പള്ളി കറുത്തേരി മുക്കിൽ അനന്തകൃഷ്ണാലയത്തിൽ അനന്തുകൃഷ്ണൻ (19), ഒപ്പം ഉണ്ടായിരുന്ന ബിച്ചു എന്ന അഖിൽ രാജ് (18), അനന്തു (19) എന്നിവരെയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയുമാണ് കായംകുളം ആർ.പി.എഫ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
പാളത്തിൽ മെറ്റൽ കൂനകൂട്ടിവച്ചിരിക്കുന്നത് ദൂരെ നിന്ന് കണ്ട് ചെന്നൈ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിന്റെ ലോക്കോ പൈലറ്റ് പെട്ടെന്ന് ബ്രേക്ക് ചെയ്തെങ്കിലും എൻജിൻ മെറ്റൽ കൂനയിൽ ഉഗ്രശബ്ദത്തോടെ ഇടിച്ചു കയറിയശേഷമാണ് ട്രെയിൻ നിന്നത്. ട്രെയിനിലുണ്ടായിരുന്ന പൊലീസ് സ്ഥലത്തുണ്ടായിരുന്ന അനന്തുകൃഷ്ണനെ കസ്റ്റഡിയിലെടുത്തു. ഒപ്പമുള്ളവർ ഓടി രക്ഷപ്പെട്ടു. അനന്തുകൃഷ്ണനെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരപ്രകാരം മറ്റുള്ളവരെ വീടുകളിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ട്രാക്കിലെ തടസം മാറ്റിയ ശേഷം 20 മിനിട്ട് വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്. ട്രെയിനിന്റെ എയർ പൈപ്പ് പൊട്ടി ചെറിയ തകരാറുണ്ടായി. ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന് പോയശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു യുവാക്കൾ. മെറ്റൽ ട്രാക്കിൽ വച്ചാൽ ട്രെയിൻ ഇടിച്ചുകയറുമ്പോൾ തീപാറുന്നത് കാണാൻ തമാശയ്ക്ക് ചെയ്തതാണെന്ന് കസ്റ്റഡിയിലായവർ പൊലീസിനോടു പറഞ്ഞു. പ്രായപൂർത്തിയായ മൂന്ന് പേരെ ഇന്ന് ചെങ്ങന്നൂർ സി.ജെ.എം കോടതിയിൽ ഹാജരാക്കും.