എഴുകോൺ: പാങ്ങോട് ശിവഗിരി റോഡിൽ എഴുകോൺ മൂലക്കട ജംഗ്ഷനിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു. മുമ്പ് പലതവണ പൈപ്പുകൾ പൊട്ടി തകർന്നതിനാൽ കോടികൾ ചെലവിട്ടാണ് പാങ്ങോട് - ശിവഗിരി റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത്. പല ഭാഗങ്ങളും വീണ്ടും കുണ്ടുംകുഴിയും നിറഞ്ഞനിലയിലാണ്. മൂലക്കട ജംഗ്ഷനിലെ വളവിലാണ് ഇത്തവണ റോഡ് തകർന്നത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. എഴുകോൺ പഞ്ചായത്തിന്റെ പ്രധാന കവാടത്തിൽ ഓട്ടോ സ്റ്റാൻഡിന് സമീപം പൈപ്പ് പൊട്ടി റോഡ് തകർന്നിട്ട് ഒരു വർഷത്തിലധികമായി. നിരവധി തവണ പരാതി നൽകിയിട്ടും ടാർ ചെയാൻ അതികൃതർ നടപടി സ്വീകരിച്ചില്ല. ക്രമാതീതമായ ശക്തിയിൽ വെള്ളം തുറന്നു വിടുന്നതിനാലാണ് പൈപ്പുകൾ പൊട്ടുന്നത്. ഉയർന്ന സ്ഥലങ്ങളിൽ കുടിവെളളം എത്തിക്കണമെങ്കിൽ ശക്തിയിൽ വെള്ളം പമ്പ് ചെയ്യേണ്ടി വരും. പൊട്ടിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുമ്പോൾ കാലപ്പഴക്കമുള്ളതും ഗുണമേന്മയില്ലാത്തതുമായ പൈപ്പുകൾ ഉപയോഗിക്കുന്നതാണ് വീണ്ടും പൊട്ടുന്നതിന് കാരണമാകുന്നത്. ദേശീയപാത അതോറിറ്റിക്കായിരുന്നു പാങ്ങോട് ശിവഗിരി റോഡിന്റെ നവീകരണ ചുമതല. അടുത്ത മാസത്തോടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് റോഡ് കൈമാറും.