കൊല്ലം: കോപ്പിയടിച്ചെന്നാരോപിച്ച് അദ്ധ്യാപകർ ശകാരിച്ച് പരീക്ഷാഹാളിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ഫാത്തിമ മാത നാഷണൽ കോളേജിലെ ഒന്നാം വർഷ ഇംഗ്ളീഷ് ബിരുദ വിദ്യാർത്ഥിനി രാഖികൃഷ്ണ ട്രെയിനിന് മുന്നിൽ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അദ്ധ്യാപകരിൽ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് രാഖികൃഷ്ണയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് പരീക്ഷാഹാളിൽ ഉണ്ടായിരുന്ന സഹപാഠികളുടെ മൊഴി. എന്നാൽ ആ നിലയിൽ അന്വേഷണം തുടങ്ങിയിട്ടില്ല.
ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്കിടെ ചുരിദാർ ടോപ്പിൽ പകർത്തിയിരുന്ന കുറിപ്പ് നോക്കി എഴുതിയെന്നാരോപിച്ചാണ് ക്ളാസിൽ പരീക്ഷാ ചുമതലയുണ്ടായിരുന്ന അദ്ധ്യാപിക ശ്രുതി രാഖിയെ ബുധനാഴ്ച പതിനൊന്നരയോടെ പിടികൂടിയത്. ഇവർ കോളേജിലെ പരീക്ഷാ സ്ക്വാഡിനെ വിവരം അറിയിച്ചു. താൻ കോപ്പിയടിച്ചില്ലെന്നും അത് പരീക്ഷയുടെ സബ്‌ജക്ടിൽപ്പെടുന്ന കുറിപ്പല്ലെന്നും രാഖി അദ്ധ്യാപികയോട് കരഞ്ഞു പറഞ്ഞെങ്കിലും ചെവിക്കൊള്ളാൻ അവർ തയ്യാറായില്ലെന്ന് മറ്റ് വിദ്യാർത്ഥികൾ പറയുന്നു.
പരീക്ഷാ ഹാളിൽ വച്ചുതന്നെ രാഖികൃഷ്ണയെ കളിയാക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പരീക്ഷാ സ്ക്വാഡിലുള്ള ലില്ലി, സജുമോൻ എന്നിവർ എത്തി ചുരിദാറിലെ എഴുത്തുകളുടെ ഫോട്ടോയെടുത്ത ശേഷം രാഖിയെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് സ്റ്റാഫ് റൂമിൽ കൊണ്ടുപോയി ഇരുത്തിയ ശേഷം വീട്ടിൽ വിളിച്ച് രക്ഷിതാക്കൾ ആരെങ്കിലും കോളേജിലെത്താൻ നിർദ്ദേശിച്ചു. പോളയത്തോടുള്ള ജോലിസ്ഥലത്തു നിന്ന് പിതാവ് രാധാകൃഷ്ണൻ കോളേജിലേക്ക് പുറപ്പെടുകയും ചെയ്തു. ഇതിനിടെ സ്റ്റാഫ് റൂമിൽ നിന്ന് പുറത്തു പോയ രാഖിയെ കാണാതായെന്നാണ് കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചത്. എസ്.എൻ കോളേജിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ഉച്ചയ്ക്ക് 12.30ന് മൃതദേഹം കണ്ടെത്തി.
രാഖി എങ്ങനെ പുറത്തിറങ്ങി?
രാഖികൃഷ്ണ സ്റ്റാഫ് റൂമിൽ നിന്ന് ആരുടെയും ശ്രദ്ധയിൽ പെടാതെ എങ്ങനെ പുറത്തുപോയെന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. കോളേജിന്റെ പ്രധാന ഗേറ്റിലൂടെ വിദ്യാർത്ഥികളെ അകത്തേക്കും പുറത്തേക്കും വാച്ച്മാൻ കടത്തിവിടുന്നത് തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ്. വിദ്യാർത്ഥിനി ഗേറ്റ് വഴി പുറത്തേക്ക് പോയത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് വാച്ച്മാൻ പറയുന്നതിൽ ദുരൂഹതയുണ്ടെന്ന് സഹപാഠികൾ പറയുന്നു
ചുരിദാറിലെ എഴുത്ത് പരിശോധിക്കും
രാഖിയുടെ ചുരിദാർ ടോപ്പിൽ എഴുതിയിരുന്നത് എന്താണെന്ന് പരിശോധിക്കുമെന്ന് കൊല്ലം ഈസ്റ്റ് സി.ഐ എസ്. മഞ്ജുലാൽ പറഞ്ഞു. എഴുത്ത് ഇംഗ്ളീഷിലാണ്. ബുധനാഴ്ച നടന്ന പരീക്ഷയുമായി ബന്ധപ്പെട്ടതാണോയെന്ന് അദ്ധ്യാപകരോട് ചോദിച്ച് ഉറപ്പു വരുത്തും. എന്നാൽ ചുരിദാർ ടോപ്പിൽ എഴുതിയിരുന്നത് അന്നത്തെ പരീക്ഷയുമായി ബന്ധപ്പെട്ടതായിരുന്നില്ലെന്നാണ് പരീക്ഷാ ഹാളിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ അന്വേഷണം നടത്തും.