കൊല്ലം: ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഒരു വീട്. വാർദ്ധക്യം ബാധിച്ച 2 പെൺമക്കളെയും മാറോട് ചേർത്ത് പിടിച്ച് പ്രാണഭയത്തോടെ ആ വീട്ടിൽ കഴിയുകയാണ് 83കാരിയായ ഭദ്രസേന. ദാരിദ്ര്യത്തോട് മല്ലടിച്ചായിരുന്നു കുട്ടിക്കാലം. ബാലകൃഷ്ണനെ കല്യാണം കഴിച്ചതോടെ ഇല്ലായ്മകളോട് വീണ്ടും പൊരുത്തപ്പെടേണ്ടി വന്നു.10 വർഷം മുൻപ് ബാലകൃഷ്ണനും യാത്രയായി. പേഴുംതുരുത്ത് അയണിമൂട്ടിൽ വടക്കതിൽ എന്ന ചെറിയ വീട്ടിൽ വീർപ്പുമുട്ടി കഴിയുകയാണ് ഭദ്രസേനയും മക്കളും. മൂത്ത മകൾ ഷൈലജ (56) മാനസിക വൈകല്യത്തിന് ചികിത്സയിലായിരുന്നതിനാൽ വിവാഹം കഴിച്ചിട്ടില്ല. ഇളയ മകൾ ഷീലയെ (52) വിവാഹം കഴിപ്പിച്ചയച്ചെങ്കിലും കുടുംബജീവിതം അധികനാൾ നീണ്ടുനിന്നില്ല. ഷീല ഒരു സ്ഥാപനത്തിൽ താത്കാലിക ജോലിക്ക് പോവുന്നതാണ് കുടുംബത്തിന്റെ ഏകവരുമാനം. മൂന്ന് വയറുകൾ കഴിയാൻ ഈ വരുമാനം തികയില്ല. സ്വന്തമായുള്ള അഞ്ച് സെന്റ് സ്ഥലത്ത് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര ഇപ്പോൾ തകർന്ന നിലയിലാണ്. ഇതിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയാണിപ്പോൾ. എന്നാലും മഴപെയ്താൽ വീട് ചോർന്നൊലിക്കും. പുതിയ വീടിനായി മൺറോത്തുരുത്ത് ഗ്രാമപ്പഞ്ചായത്തിൽ പലതവണ അപേക്ഷ നൽകിയിട്ടും അധികൃതർക്ക് അനക്കമില്ല. വർഷങ്ങൾക്ക് മുൻപ് കിണറും കക്കൂസും പഞ്ചായത്തിൽ നിന്ന് ലഭിച്ചെങ്കിലും പിന്നീട് കാര്യമായ സഹായങ്ങളൊന്നും കിട്ടിയിട്ടില്ല. അയൽക്കാരുടെ ചെറിയ സഹായമുള്ളതിനാലാണ് ഇവർ ദാരിദ്ര്യത്തിലും പിടിച്ചുനിൽക്കുന്നത്. കയറിക്കിടക്കാൻ ഭേദപ്പെട്ടൊരു വീടും വിശപ്പിനും മരുന്നിനുമുള്ള വകയും ലഭിച്ചാൽ ഭദ്രസേനയുടെ കുടുംബത്തിന് അതൊരു ആശ്വാസമാകും. അധികൃതർ ഇനിയെങ്കിലും കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് ഭദ്രസേനയും മക്കളും.