കൊല്ലം: ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ കാമ്പസ് ഹരിതാഭമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് ജില്ലാ മൃഗാശുപത്രിയിലെ 25 സെന്റ് സ്ഥലത്ത് ഗ്രോബാഗിലും നിലത്തും പച്ചക്കറി കൃഷി ആരംഭിക്കുന്നത്.
സ്ഥാപന പച്ചക്കറി കൃഷിവ്യാപന പദ്ധതി വഴി സർക്കാർ ഓഫീസുകളിലെ ലഭ്യമായ ഇടങ്ങൾ കൃഷിഭൂമിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൃഷി വകുപ്പിന്റെ ഹരിതസേനക്കാണ് മേൽനോട്ടച്ചുമതല. 200 ഓളം ഗ്രോബാഗുകളിലാണ് തുടക്കത്തിൽ തൈകൾ നടുന്നത്. മൃഗാശുപത്രിയിലെ ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കുന്നുമുണ്ട്. തക്കാളി, മുളക്, വഴുതന, കാബേജ്, പയർ, പാവൽ, ചീര, ഇലച്ചെടികൾ എന്നിവയാണ് കൃഷിയിനങ്ങൾ.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്.എം. സാബു അദ്ധ്യക്ഷത വഹിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.കെ. തോമസ്, അസി. ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാർ, കൃഷി ഓഫീസർ രാമചന്ദ്രൻ, ഡോ. എസ്. ലതാകുമാരി തുടങ്ങിയവർ സംസാരിച്ചു.