rakhi

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാംവർഷ ഇംഗ്ളീഷ് ബിരുദ വിദ്യാർത്ഥിനി രാഖികൃഷ്ണ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്ന് ആക്ഷേപം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കോളേജിലെ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രാഖിയുടെ ബന്ധുക്കൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ രാഖിയുടെ മരണത്തിന് പിന്നിൽ അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ആരോപണം ഉയർന്നു.
ബുധനാഴ്ച പരീക്ഷയ്‌ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് ഡ്യൂട്ടിയിലായിരുന്ന അദ്ധ്യാപിക രാഖികൃഷ്‌ണയെ പിടികൂടി സ്‌ക്വാഡിനെ ഏൽപ്പിക്കുകയായിരുന്നു. അദ്ധ്യാപികയും സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് രാഖിയുടെ ചുരിദാർ ടോപ്പിൽ എഴുതിയിരുന്നതിന്റെ ഫോട്ടോ എടുക്കുകയും ആക്ഷേപിക്കുകയും ചെയ്തതായി സഹപാഠികൾ പറഞ്ഞു. രാഖിയെ കടുത്ത മാനസിക സംഘർഷത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പറയുന്നു.
എന്നാൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസിൽ മറ്റ് വകുപ്പുകൾ ചേർക്കാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ചുരിദാറിൽ എഴുതിയിരുന്നത് അന്വേഷണസംഘം പരിശോധിച്ചു. രക്തക്കറ മൂലം വസ്ത്രത്തിലെ അക്ഷരങ്ങൾക്ക് മങ്ങലേറ്റിട്ടുണ്ട്. കുറിപ്പിന്റെ ഫോട്ടോ പരിശോധനയ്‌ക്കായി എടുത്തിട്ടുണ്ട്. അന്ന് നടന്ന പരീക്ഷയുടെ വിഷയവുമായി ബന്ധപ്പെട്ട അദ്ധ്യാപകരുമായി ച‌ർച്ച ചെയ്‌തശേഷമേ കോപ്പിയടിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത കൈവരികയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.