photo
നാശോന്മുഖമാകുന്ന അഴീക്കൽ സുനാമി സ്മൃതി മണ്ഡപം.

. കരുനാഗപ്പള്ളി: ഒരു നാടിനെ കടലെടുത്ത മഹാദുരന്തത്തിന്റെ ഒാർമ്മയ്ക്കായി സ്ഥാപിച്ച സ്മൃതി മണ്ഡപം അധികൃതരുടെ അവഗണ ന മൂലം മറ്റൊരു ദുരന്തമാവുകയാണ്. സുനാമി ദുരന്തത്തിന്റെ ഓർമ്മയ്ക്കായി അഴീക്കൽ നാലാം വാർഡിലെ കടൽതീരത്താണ് സർക്കാർ സുനാമി സ്മൃതി മണ്ഡപം സ്ഥാപിച്ചത്. ഒരു ദശാബ്ദത്തിന് മുമ്പ് റവന്യൂ വകുപ്പ് വില നൽകി വാങ്ങിയ 13 സെന്റ് സ്ഥലത്താണ് മണ്ഡപവും ചുറ്റുമതിലും. ആലപ്പാട് ഗ്രാമപഞ്ചായത്തിനാണ് സ്മൃതി മണ്ഡപത്തിന്റെ സംരക്ഷണ ചുമതല. മണ്ഡപത്തിന്റെ വശങ്ങളിലുള്ള മരങ്ങളിൽ നിന്ന് ഇലകളും മറ്റും വീണ് ഇവിടം വൃത്തിഹീനമായി കിടക്കുകയാണ്. ഗ്രാമപഞ്ചായത്ത് അധികൃതർ ഇത് സംരക്ഷിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുട്ടനാട് സ്വദേശിയായ ശില്പി ശങ്കറാണ് പൊതുമാരാമത്ത് വകുപ്പിന്റെ രൂപരേഖ അനുസരിച്ച് മണ്ഡപം നിർമ്മിച്ചത്. സുനാമി ദുരന്തത്തിന്റെ നിരവധി ജീവൻ തുടിക്കുന്ന ചിതങ്ങളാണ് സ്തൂപത്തിലുള്ളത്. ചിത്രങ്ങളെല്ലാം നാശത്തിന്റെ വക്കിലാണ്. രാത്രികാലങ്ങളിൽ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമാണ്.സുനാമി ദുരന്തത്തിന്റെ ഓർമ്മപുതുക്കൽ നടക്കുന്ന ഡിസംബർ 26 ന് രണ്ട്നാൾ മുമ്പ് മാത്രമാണ് സ്മൃതി മണ്ഡപവും പരിസരവും വൃത്തിയാക്കുന്നത്. ഇതിനുശേഷം ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. ഇന്ന് സുനാമി അനുസ്മരണം വഴിപാട് മാത്രമായി മാറി. മരിച്ചവരുടെ ബന്ധുക്കൾ പോലും ഇവിടേക്ക് വരാറില്ല. ഒന്നര ദശാബ്ദത്തിന് മുമ്പാണ് നാടിനെ നടുക്കിയ സുനാമി ദുരന്തം ആലപ്പാട് ഗ്രാമ പഞ്ചായത്തിലു
ണ്ടായത്.. 142 പേരാണ് മരിച്ചത്. ഇവരെ സംസ്കരിച്ച സ്ഥലത്താണ് സ്മൃതി മണ്ഡപം നിർമ്മിച്ചത്. മണ്ഡപത്തിന് സമീപമുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് സംരക്ഷണ ചുമതല നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സുനാമി ദുരന്തത്തെക്കുറിച്ച് പഠിക്കാനെത്തുന്ന ഗവേഷണ വിദ്യാർത്ഥികൾ ഇവിടെയും എത്താറുണ്ട്.