തൃശൂർ: വെള്ളപ്പൊക്കത്തിൽ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 120 കോടി രൂപയുടെ നഷ്ടമുണ്ടായ സാഹചര്യത്തിൽ വിളവ് കൂടാൻ മണ്ണ് പരിശോധന വ്യാപകമാക്കാനുളള ശ്രമത്തിലാണ് കൃഷിവകുപ്പ്. മണ്ണ് ഒലിച്ചുപോയ മലയോര മേഖലകളിലും കുന്നിൻ പ്രദേശങ്ങളിലും ജൈവാംശവും നൈട്രജൻ, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം സൾഫർ തുടങ്ങിയ പോഷക മൂലകങ്ങളും സൂക്ഷ്മാണുക്കളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കാർഷിക സർവകലാശാലയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു.
സമതലപ്രദേശങ്ങളിലും പുഴയോരങ്ങളിലും നെൽപ്പാടങ്ങളിലും എക്കൽ അടിഞ്ഞു കൂടി. കോൾപ്പടവുകളിലെ മണ്ണിൽ അമ്ലത്വം ഏറി. ലവണാംശം അനുവദനീയതോതിലും ജൈവ കാർബൺ അളവ് ശരാശരിയിലും ഫോസ്ഫറസ്സിന്റെ അളവ് കൂടിയും കണ്ടെത്തി. പൊട്ടാസ്യത്തിന്റെ തോത് കുറഞ്ഞു. . മഗ്നീഷ്യത്തിൻ്റെ കുറവ് കാരണം വാഴകൾക്ക് മഞ്ഞളിപ്പ് രോഗം വ്യാപകമായി. ചാലക്കുടിയിൽ കൃഷിവകുപ്പിൻ്റെ ജില്ലാ ലാബിലായിരുന്നു പരിശോധന നടന്നിരുന്നത്. കഴിഞ്ഞ ദിവസം മുതൽ ചെമ്പൂക്കാവിലെ അഗ്രികൾച്ചർ കോംപ്ളക്സിലേക്ക് സഞ്ചരിക്കുന്ന ലാബ് മാറ്റിയിരുന്നു. മണ്ണു പരിശോധന നിർബന്ധമായും കർഷകർ നടത്തണമെന്ന് ജില്ലാ മണ്ണുസംരക്ഷണ ഒാഫീസർ പി.ഡി. സിന്ധു പറഞ്ഞു.

 സൗജന്യപരിശോധന

ചെമ്പൂക്കാവിലെ പരിശോധനാ കേന്ദ്രത്തിൽ കൃഷിഭവനിൽ നിന്നുള്ള കത്ത് നൽകിയില്ലെങ്കിലും സൗജന്യമായാണ് മണ്ണ് പരിശോധന. വ്യക്തിഗതവിവരങ്ങളും കൃഷിയുടെ വിശദാംശങ്ങളും ഫോറത്തിൽ പൂരിപ്പിച്ച് നൽകണം. ദിവസം പരമാവധി 40 സാമ്പിളാണ് പരിശോധിക്കുന്നത്. കൃഷിഭവനുകളുടെ കീഴിൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ പരിശോധന മറ്റൊരു ദിവസം നടക്കും. എല്ലാ പഞ്ചായത്തുകളിലേക്കും ക്യാമ്പുകൾ വ്യാപിപ്പിച്ചിട്ടുണ്ട്. 14 ക്യാമ്പുകളിലായി 600 ലേറെ ഇടങ്ങളിലെ മണ്ണ് പരിശോധിച്ചിട്ടുണ്ട്.

മണ്ണ് പരിശോധനയ്ക്ക് എടുക്കുമ്പോൾ

''ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഉയര്‍ന്ന ഉത്‌പാദനത്തിനും കാരണം. മണ്ണ് അറിഞ്ഞ് വളം ചെയ്‌താല്‍ മാത്രമേ നല്ല ഉത്പാദനം ലഭിക്കുകയുള്ളൂ. ക്യാമ്പുകൾ നടത്താൻ താത്പര്യമുള്ളവർക്ക് മണ്ണുപരിശോധനാ കേന്ദ്രത്തിൽ അറിയിക്കാം"

- ജോസ് ജോർജ് (അസി. സോയിൽ കെമിസ്റ്റ്)

 റീജ്യണൽ ലാബിലും പരിശോധിക്കാം

''എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന റീജ്യണൽ ലാബിൽ വിദഗ്ദ്ധ പരിശോധനകളുണ്ട്. ചെമ്പൂക്കാവിൽ ട്രഷറിക്ക് മുകളിലാണ് ലാബ്. 75 രൂപയാണ് പരിശോധനാ ഫീസ്. സൂക്ഷ്മ മൂലകങ്ങൾ, ഫോസ്ഫറസ്, പൊട്ടാസ്യം, പി.എച്ച്. മൂല്യം എന്നിവ അടക്കം 13 ‌ പ്രാഥമിക പരിശോധനകളാണ് ഇവിടെ നടക്കുന്നത്. 350 രൂപയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ഇൗടാക്കുന്നത്. സിങ്ക് , മാഗ്നീഷ്യം, ബോറോൺ, കീടനാശിനികൾ തുടങ്ങിയവയാണ് ഇൗ പരിശോധനയിലുണ്ടാവുക."

സിമി സത്യശീലൻ (സീനിയർ കെമിസ്റ്റ്, റീജ്യണൽ മണ്ണുപരിശോധന ലാബ്, ചെമ്പൂക്കാവ്)