തൃശൂർ: രണ്ടര വർഷം കൊണ്ട് തട്ടിമുട്ടി ദിവാൻജി മൂല മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ഏഴ് മാസം കഴിഞ്ഞിട്ടും ഏതാണ്ട് പൂർത്തിയായത് അപ്രോച്ച് റോഡിന്റെ ഒരു ഭാഗം മാത്രം. അതിനിടെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം പദ്ധതി വീണ്ടും വൈകിപ്പിച്ചേക്കും. റെയിൽവേ മേൽപ്പാലം റെയിൽവേ പൂർത്തിയാക്കിയിരുന്നു. കിഴക്ക് ഭാഗത്ത് ദിവാൻജിമൂലയിലെ അപ്രോച്ച് റോഡിന്റെ നിർമ്മാണം കോർപറേഷൻ ദ്രുതഗതിയിൽ പൂർത്തീകരിക്കുന്നുണ്ട്. പടിഞ്ഞാറ് ഭാഗത്ത് പൂത്തോൾ ജംഗ്ഷൻ വരെയുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല. മൂന്ന് മാസത്തിനകം റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു ഒരു മാസം മുമ്പ് മേയറുടെ പ്രഖ്യാപനം. ദിവാൻജി മൂല ഭാഗം അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഒമ്പത് സെന്റ് സ്ഥലം കളക്ടർ വില നിശ്ചയിച്ചതനുസരിച്ച് സെന്റിന് 42 ലക്ഷം രൂപയാണ് കോർപറേഷൻ നൽകിയത്. പൂത്തോൾ ഭാഗത്ത് റോഡ് വികസനത്തിനാവശ്യമായ 17 സെന്റ് സ്ഥലത്തിന് കളക്ടർ നിശ്ചയിച്ച വില സെന്റിന് ഏഴ് ലക്ഷം മാത്രമാണ്. മുമ്പ് ഇവിടം പാടമായിരുന്നുവെന്നാണ് വിശദീകരണം. ഈ സ്ഥലം ഏറ്റെടുക്കാതെ പാലം തുറന്നുകൊടുത്താൽ പട്ടാളം റോഡിലേതിനേക്കാൾ ഗതാഗത കുരുക്കുണ്ടാകും. വിലയിലെ വലിയഅന്തരത്തിന്റെ പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല. ശക്തനിൽ നിന്ന് തുടങ്ങുന്ന 25 മീറ്റർ റിംഗ് റോഡിന്റെ ഭാഗമാണ് ദിവാൻജി മൂല ഭാഗം. കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ നിലവിൽ അനുഭവപ്പെടുന്ന കുരുക്കഴിക്കാൻ റെയിൽവേയുടെ സ്ഥലമെടുക്കണം. റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകാൻ റെയിൽവേ സന്നദ്ധരായിട്ടും എം.പി വഴി ഒരപേക്ഷ നൽകാൻപോലും കോർപറേഷൻ തയ്യാറായിട്ടില്ല. നിലവിലുള്ള മേൽപ്പാലത്തേക്കാൾ ഒന്നര മീറ്റർ ഉയരത്തിലാണ് പുതിയ മേൽപ്പാലം.

ചർച്ച നടത്തിയില്ല

സ്ഥലം ഉടമ 35 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കളക്ടർ നിശ്ചയിച്ച ഏഴുലക്ഷം രൂപ വാങ്ങിത്തന്നെ കോർപറേഷന് ഭൂമി വിട്ടുനൽകാൻ ഉടമ തയ്യാറാണ്. പക്ഷെ, കളക്ടർ നിശ്ചയിച്ച വിലയെ ചോദ്യം ചെയ്തു കോടതിയെ സമീപിക്കാനുള്ള അവകാശം വേണമെന്നാണ് ഉടമയുടെ നിലപാട്. ജില്ല കലക്ടർക്ക് അക്വിസിഷൻ നടപടിയിലൂടെ വേണമെങ്കിൽ സ്ഥലം ഏറ്റെടുത്ത് റോഡ് വികസനം നടത്താം. കോർപറേഷന് ഇതിന് താത്പര്യമില്ല. ഇതുസംബന്ധിച്ച് കളക്ടറുമായി കോർപറേഷൻ ചർച്ച പോലും നടത്തിയിട്ടില്ല.

പാലവും റോഡും :

മൊത്തം ചെലവ് 20 കോടി

തദ്ദേശഭരണ സ്ഥാപനത്തിന്റെ സംസ്ഥാനത്തെ ആദ്യ റെയിൽ ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡ്

പാലം നിർമ്മാണത്തിന് ആറ് കോടി

റോഡ് നിർമ്മാണത്തിന് 9 കോടി

സ്ഥലം ഏറ്റെടുക്കാൻ 5 കോടി

റോഡിന് 335 മീറ്റർ നീളം, 11 മീറ്റർ വീതി

വീതി കൂടുക 21 മീറ്ററായി

'' ഫെബ്രുവരിയിൽ തുറക്കും'

2019 ഫെബ്രുവരി അവസാനത്തോടെ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മറ്റ് തടസങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്. '

വർഗീസ് കണ്ടംകുളത്തി (ഡി.പി.സി. അംഗം, തൃശൂർ കോർപറേഷൻ)