തൃശൂർ: അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ തലയ്ക്കടിച്ച് കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. അഞ്ഞൂർ മരട്ടിക്കുന്ന് വെള്ളക്കട വീട്ടിൽ ഹരിദാസനെ തൃശൂർ നാലാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.ആർ. മധുകുമാറാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. ശാന്ത മറ്റു പുരുഷന്മാരോട് സംസാരിക്കുന്നത് ഹരിദാസന് ഇഷ്ടമായിരുന്നില്ല. ഭാര്യക്ക് പരപുരുഷന്മാരുമായി ബന്ധമുണ്ടെന്നായിരുന്നു ഹരിദാസന്റെ സംശയം. 2013 ജനുവരി 31 ന് വൈകിട്ട് നാലിന് മരട്ടിക്കുന്നിലുള്ള വീടിന്റെ പുറകുവശത്ത് വച്ച് കൈക്കോട്ടിന്റെ തായ കൊണ്ട് ശാന്തയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുന്നംകുളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 24 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും തൊണ്ടിമുതലും ഹാജരാക്കി. വിചാരണക്കിടയിൽ പ്രധാനസാക്ഷിയായ പ്രതിയുടെ മകൾ കൂറുമാറി. ഭാര്യയുടെ മരണകാരണത്തെക്കുറിച്ച് പ്രതിക്ക് വിശദീകരിക്കാൻ കഴിയാതെ വന്നതും സാഹചര്യത്തെളിവുകളും സാക്ഷികളുടെ മൊഴികളും കണക്കിലെടുത്ത് പ്രതിക്ക് ശിക്ഷ നൽകണമെന്ന പബ്‌ളിക്ക് പ്രോസിക്യൂട്ടർ ഡിനി ലക്ഷ്മണിന്റെ വാദം കോടതി അംഗീകരിച്ചു. .