മാള: ഫേസ് ബുക്കിലൂടെ പ്രണയിച്ച കാമുകനൊപ്പം കുട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്ക് പൊലീസ് എട്ടിന്റെ പണി. ഒളിച്ചോടിയ ശേഷം കാമുകനൊപ്പം ഹാജരായപ്പോഴാണ് കുട്ടിയെ ഉപേക്ഷിച്ച് പോയതിന്റെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ എഴുപത്തിയഞ്ചാം വകുപ്പ് അനുസരിച്ച് കേസെടുത്തത്.ജുവനൈൽ ജസ്റ്റിസ് ആക്ടിൽ 2016 ലെ ഭേദഗതിയാണ് യുവതിക്ക് കുരുക്കായത്. നിയമ ഭേദഗതിക്ക് മുമ്പ് ഇത്തരം കേസുകളിൽ കോടതിയിൽ ഹാജരാക്കുമ്പോൾ ഇഷ്ടപ്രകാരം വിടുമായിരുന്നു. മാള സ്വദേശിയായ യുവതിയും (32) കോഴിക്കോട് കന്നൂര് സ്വദേശിയായ യുവാവും ഒരുമിച്ചായിരുന്നു മാള പൊലീസ് സ്റ്റേഷനിൽ ഹാജരായത്. അവിവാഹിതനായ യുവാവും വിവാഹിതയായ യുവതിയും സമപ്രായക്കാരായിരുന്നു. ഒരു വർഷം മുമ്പ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും നിരന്തരം ആശയവിനിമയം നടത്താറുണ്ട്. ഫേസ് ബുക്കിലൂടെ ചാറ്റ് ചെയ്ത് ആശയവിനിമയം നടത്തിയിരുന്ന ഇരുവരും പരസ്പരം കാണുന്നത് തന്നെ ഒളിച്ചോട്ടത്തിനായാണ്. ആറ് വയസുള്ള മകളെ അമ്മയുടെ അടുത്താക്കിയാണ് യുവതി കോഴിക്കോട്ടേക്ക് കാമുകനെ തേടി പോയത്.ആദ്യം കോടതിയിൽ ഹാജരായപ്പോൾ മജിസ്ട്രേറ്റിന്റെ നിർദ്ദേശ പ്രകാരമായിരുന്നു സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്; യുവതിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവാണ് ഒക്ടോബർ 17 ന് മാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയനുസരിച്ച് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും കോഴിക്കോട് ലോഡ്ജിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസ് പിടികൂടുമെന്ന് ഭയന്നാണ് ഇരുവരും കോടതിയിൽ ഹാജരായത്. അന്വേഷണത്തിനിടയിലാണ് പ്രായപൂർത്തിയാകാത്ത മകളെ ഉപേക്ഷിച്ച് പോയതിന്റെ പേരിൽ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. ഇനി ഇത്തരത്തിൽ കുട്ടികളെ ഉപേക്ഷിച്ച് പോകുന്നവർക്ക് മുന്നറിയിപ്പ് കൂടിയാണ് മാള പൊലീസ് നൽകുന്നത്.