തൃശൂർ: പെൻഷൻ സംഘടനകളെക്കൂടി പേരുചേർക്കാനുള്ള ഏജൻസി പട്ടികയിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെ ഇ.പി.എഫ് പെൻഷൻകാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റായ ജീവൻ പ്രമാണിൽ ഇനി വീട്ടിലിരുന്നും പേരു ചേർക്കാം. ജില്ലയിൽ 15,000ത്തോളം ഇ.പി.എഫ് പെൻഷൻകാർക്ക് ഇത് ഗുണം ചെയ്യും.

നേരത്തെ ബാങ്ക്, അക്ഷയ, പി.എഫ്. ഓഫീസ് എന്നിവയിലൂടെ മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ. വർഷാവർഷം നവംബറിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ അടുത്ത വർഷം പെൻഷൻ ലഭിക്കൂ. കിടപ്പുരോഗികളായ പത്തുശതമാനത്തോളം പേർക്ക് ഇതു പലപ്പോഴും പ്രായോഗികമായിരുന്നില്ല. പുതിയ സൗകര്യം ഇവർക്ക് ആശ്വാസമേകും. കഴിഞ്ഞ വർഷം മുതലാണ് ലൈഫ് സർട്ടിഫിക്കറ്റ് ജീവൻപ്രമാൺ എന്ന പേരിലാക്കിയത്. അസോസിയേഷനുകളുടെ ആവശ്യാർത്ഥം ഇക്കുറി ഡിസംബർ മാസം അവസാനം വരെ പേരു ചേർക്കാം. കഴിഞ്ഞ മാസം എറണാകുളത്ത് പി.എഫ് റീജണൽ കമ്മിഷണർ വിളിച്ചു ചേർത്ത പെൻഷൻ അസോസിയേഷനുകളുടെ യോഗത്തിൽ ജില്ലയിൽ നിന്ന് മൂന്ന് സംഘടനകൾ പങ്കെടുത്തിരുന്നു. ഇവരിൽ തിരഞ്ഞെടുക്കപ്പെട്ട സംഘടനാ ഭാരവാഹികൾക്ക് പിന്നീട് ബയോ മെട്രിക്കൽ തമ്പ് ഇംപ്രഷൻ എടുക്കുന്ന മെഷീൻ പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകി. പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നു മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പേരു ചേർക്കൽ ക്യാമ്പ് നടത്തും.

 പെൻഷൻകാർക്ക്

എളുപ്പമല്ല

മിക്ക ബാങ്കുകളും പ്രവർത്തിക്കുന്നത് കെട്ടിടങ്ങളുടെ രണ്ടാമത്തെ നിലയിലാണ്. അവശതയുള്ളതിനാൽ ഇവിടെ കയറി ചെല്ലാൻ പറ്റാത്തതിനാൽ പത്തുശതമാനത്തോളം പേർ ജീവൻപ്രമാണിൽ പേരു ചേർക്കുന്നില്ല. സേവന പ്രവർത്തനങ്ങൾക്കായി ഭൂരിഭാഗം പേരും ആശ്രയിക്കുന്ന അക്ഷയ കേന്ദ്രങ്ങളിൽ മിക്കപ്പോഴും തിരക്കാണ്. കൂടുതൽ സമയം കാത്തു നിന്ന് പേരു ചേർക്കാനുള്ള ആരോഗ്യം പലർക്കുമില്ല. നിശ്ചിത തുക ഫീസ് ഇവിടെ നൽകുകയും വേണം. തൃശൂരിൽ ഇ.പി.എഫിന്റെ ഒരു ഓഫീസുണ്ടെങ്കിലും പ്രസ് ക്ളബ് റോഡിൽ ഒരു കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് പ്രവർത്തിക്കുന്നത്.

 ജീവൻപ്രമാൺ

ആധാർ അധിഷ്ഠിത ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റാണ് ജീവൻ പ്രമാൺ. കഴിഞ്ഞവർഷമാണ് ഇത് നിലവിൽ വന്നത്. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ പെൻഷൻകാർക്ക് ജീവൻ പ്രമാൺ സർട്ടിഫിക്കറ്റ് ഐ.ഡി. നമ്പർ അടങ്ങിയ സന്ദേശം മൊബൈലിൽ ലഭിക്കും. ഈ ഐ.ഡി. നമ്പറോ ആധാർ നമ്പറോ നൽകി ജീവൻ പ്രമാൺ വെബ്‌സൈറ്റിൽ നിന്ന് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

 അസോസിയേഷന്റെ ക്യാമ്പുകൾ നടക്കുന്ന യൂണിറ്റും തീയതിയും

പാലക്കൽ അങ്ങാടിയിലെ അസിരിയൽ ബിൽഡിംഗ്- നവംബർ മാസത്തിലെ തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം , വെള്ളി ദിവസങ്ങളിൽ

കൊടകരയിൽ - ഇന്നും നാളെയും,

മണ്ണുത്തി- നവംബർ 24ന്

കോലഴി- നവംബർ 25ന്

ചാലക്കുടി- ഡിസംബർ 1

.............................................................

കിടപ്പുരോഗികളായ പെൻഷൻകാരുടെ വീട്ടിൽ മെഷീനുമായെത്തി അസോസിയേഷൻ പേരു ചേർക്കും. - പി.എൻ ഗോപാലൻ (പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ) . ..