chamakkala-crime
ചാമക്കാലയിൽ വ്യാപാരിയെയും ജീവനക്കാരിയെയും മർദ്ദിച്ച കേസിൽ അറസ്റ്റിലായവർ

കയ്പ്പമംഗലം: ചാമക്കാലയിൽ വ്യാപാരിയെയും ജീവനക്കാരിയെയും മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടുപേർ കൂടി അറസ്റ്റിലായി. ചാമക്കാല സ്വദേശികളായ അന്തിക്കാട്ട് കുട്ടൻ മകൻ ശ്രീജിത്ത് എന്നു വിളിക്കുന്ന കാരി സിജിത്ത് (35), ചക്കനാത്ത് സുരേഷ് മകൻ വിഷ്ണു (25 ) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ കെ.ജെ. ജിനേഷും സംഘവും പിടികൂടിയത്. ഒളിവിലായിരുന്ന ഇവരെ ഇന്നലെ രാത്രി കടപ്പുറത്തെ ഒളിത്താവളത്തിൽ നിന്നും പിടികൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാരി സിജിത്ത് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ളയാളാണ്. മതിലകം സ്റ്റേഷനിൽ നാല് കേസുകൾ ഇയാളുടെ പേരിലുണ്ട്. പിടിയിലായ രണ്ടു പേരും മദ്യവും കഞ്ചാവും ഉപയോഗിക്കുന്നവരാണ്. ഇതോടെ കേസിലെ ആറുപേരിൽ മൂന്നുപേർ പിടിയിലായി. ഒളിവിൽ പോയ പ്രതികളിൽ ചക്കനാത്ത് ജിഷ്ണുവിനെ നേരത്തെ പിടികൂടിയിരുന്നു. മറ്റ് മൂന്നുപേർ ഇപ്പോഴും ഒളിവിലാണ്.

കഴിഞ്ഞ മാസം പത്തിന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ചാമക്കാലയിൽ പലചരക്ക് കട നടത്തുന്ന കണക്കാട്ട് കൃഷ്ണനേയും കടയിലെ ജീവനക്കാരിയേയും പ്രതികൾ സംഘം ചേർന്ന് മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. സ്ഥിരമായി മദ്യപിച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന പ്രതികൾ കടയിൽ വരുന്നവരെ മടക്കി അയക്കുന്നത് ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. സംഭവ ദിവസം സംഘമായെത്തിയ ഇവർ കൃഷ്ണനെ കടയിൽ കയറി ഇരുമ്പു പൈപ്പുകൊണ്ടും ഇരുമ്പു കസേര കൊണ്ടും മർദ്ദിക്കുകയായിരുന്നു. സംഭവം കണ്ട് ഭയന്ന് വീട്ടിലേക്കോടിയ ജീവനക്കാരിയെ പിൻതുടർന്നെത്തി വീടിന്റെ വാതിൽ ചവിട്ടി തുറന്ന് അകത്തു കയറിയാണ് മർദ്ദിച്ചത്. ഇവരെ മുടിയിൽ ചുറ്റിപ്പിടിച്ച് വലിച്ചിട്ട പ്രതികൾ മാനഹാനി വരുത്താനും ശ്രമിച്ചു. ഇത് തടയാനെത്തിയ ഭർത്താവ് ഉണ്ണിയേയും അടിച്ചു വീഴ്ത്തി. പരിക്കേറ്റ മൂന്നു പേരും ഇരിങ്ങാലക്കുട ഗവ.ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരകായുധങ്ങളുമായി സ്ഥലത്ത് ഭീഷണി മുഴക്കി നിന്ന പ്രതികൾ പരിക്കേറ്റവരെ സഹായിക്കാനെത്തിയ നാട്ടുകാരേയും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

നേരത്തെ പിടിയിലായ ജിഷ്ണുവിനെതിരെ മതിലകം,​ ഇരിങ്ങാലക്കുട സ്റ്റേഷനുകളിൽ കൊലപാതക ശ്രമമടക്കം നിരവധി കേസുകളുണ്ട്. ജിഷ്ണു ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാന്റിലാണ്. എ.എസ്.ഐ അബ്ദുൾ സലാം, സീനിയർ സി.പി.ഒ മാരായ സജിപാൽ, സി.കെ. ഷാജു, പി.ആർ. തോമസ്, സി.പി.ഒ കെ.ജി ലാൽജി,​ സി.എസ്. പ്രബിൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.