കയ്പ്പമംഗലം: പത്തുകൊല്ലമായി കഞ്ചാവ് ഉപയോഗവും വിൽപ്പനയുമായി നടന്നിരുന്ന ഫാഷൻ ഡിസൈനറും എം.എസ്.സി ബിരുദധാരിയുമായ യുവാവ് പൊലീസ് പിടിയിലായി. എടത്തിരുത്തി ചൂലൂർ വലിയകത്ത് വീട്ടിൽ അസീസ് മകൻ അഷ്താബ് ഷാരിക്കിനെയാണ് (30) കയ്പ്പമംഗലം എസ്.ഐ കെ.ജെ ജിനേഷ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലും കോയമ്പത്തൂരിലുമായി ഉന്നത വിദ്യാഭാസം നടത്തിയിരുന്ന ഇയാൾ പത്തുകൊല്ലമായി സ്ഥിരമായി കഞ്ചാവ് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നയാളാണ്. ചൂലൂർ ഗവ. ഐ.ടി.ഐയുടെ സമീപത്തു നിന്നും ഇന്നലെ രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് കഞ്ചാവ് പൊതികൾ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്‌പ്പെടുത്തി. അഞ്ഞൂറ് രൂപയുടെ ചെറു പൊതികളടക്കം അരക്കിലോയോളം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ചൂലൂരിലെയും പരിസര പ്രദേശത്തെയും നിരവധി വിദ്യാർത്ഥികൾ ഇയാളുടെ ഉപഭോക്താക്കളാണ്. രഹസ്യവിവരത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി എസ്.ഐയും സംഘവും മഫ്തിയിൽ ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു.
കോളേജ് തൊട്ടേ കഞ്ചാവിന് അടിമ
ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലെ കോളേജ് വിദ്യാഭ്യാസ കാലഘട്ടം മുതൽ കോളജിൽ പഠിക്കുന്ന കാലം മുതൽ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. കഞ്ചാവ് കൂടാതെ ഹാഷിഷ് തുടങ്ങിയ വീര്യം കൂടിയ ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ട്. കഞ്ചാവ് വിറ്റു കിട്ടുന്ന പണം കൊണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ചുറ്റിയടിക്കുന്ന ശീലമുള്ള ഇയാൾ ഈ സമയങ്ങളിൽ അമിതമായി ലഹരിമരുന്ന് ഉപയോഗിക്കും. ഇവിടങ്ങളിലെല്ലാം ഇയാൾക്ക് സുഹൃത്തുക്കളുമുണ്ട്. വീട്ടിലെത്തുമ്പോൾ ഉപയോഗം കുറയ്ക്കും. രൂക്ഷ ഗന്ധം കൊണ്ട് വീട്ടുകാർ പിടിക്കാതിരിക്കാനാണ് ഇത്. ബംഗളൂരു, കോയമ്പത്തൂർ, മൈസൂർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സ്ഥിരം സന്ദർശകനാണ്. ഇവിടങ്ങളിൽ നിന്നൊക്കെ കുറഞ്ഞ നിരക്കിൽ കഞ്ചാവ് വാങ്ങി നാട്ടിൽ അഞ്ഞൂറു രൂപയുടെ ചെറു പൊതികളാക്കി മൂന്നിരട്ടി ലാഭത്തിന് വിൽക്കും. പുറത്തേക്ക് മണം വരാത്ത രീതിയിൽ ഭദ്രമായി പൊതിഞ്ഞ് ബാഗിലൊളിപ്പിച്ച് ടൂറിസ്റ്റിനെപ്പോലെ ട്രെയിനിലും ബസിലുമാണ് കഞ്ചാവ് കടത്താറുള്ളത്. സീനിയർ സി.പി.ഒമാരായ സജിപാൽ, സി.കെ ഷാജു, പി.എ അഭിലാഷ്, നജീബ് ബാവ, സി.പി.ഒ കെ.ജി ലാൽജി എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.