കയ്പ്പമഗലം: ചെന്ത്രാപ്പിന്നിയിൽ ദേശീയപാത ബൈപാസ് അളവെടുപ്പ് ആക്ഷൻ കൗൺസിൽ പ്രവർത്തകർ തടഞ്ഞു. മൂന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയത് നീക്കി. ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി ബൈപാസുകൾ അളന്ന് കല്ലിടുന്നതിനായി രാവിലെ 9 മണിയോടുകൂടിയാണ് പാലപെട്ടിമുതൽ ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡുവരെ അളവെടുപ്പ ആരംഭിച്ചത്. ഡെപ്യൂട്ടി കളക്ടർ എ. പാർവ്വതി ദേവിയുടെ നേതൃത്വത്തിലായിരുന്നു അളവെടുപ്പ്.
കയ്പ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെ ചെന്ത്രാപ്പിന്നി വില്ലേജ് ഓഫീസിന് കിഴക്കുവശമുള്ള സ്ഥലങ്ങളിൽ അളവെടുപ്പ് സമാധാനപരമായി നടന്നിരുന്നു. പിന്നീട് ഉച്ചയോടടുത്തപ്പോൾ ചെന്ത്രാപ്പിന്നി സെന്ററിന് കിഴക്കുവശത്തുള്ള സ്ഥലം അളന്ന് കല്ലിടുമ്പോഴാണ് പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ പ്രവർത്തകരെത്തിയത്. കെ.എച്ച്. മിഷോ, എൻ.ഡി. വേണു, ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് അളവെടുപ്പ് തടഞ്ഞത്. കയ്പ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷം അളവെടുപ്പ് തുടർന്നു.