moneer
അറസ്റ്റിലായ മുനീർ

ചാലക്കുടി: പ്രണയിച്ച് വിവാഹം കഴിച്ച യുവതിയുടെ സ്വഭാവ ശുദ്ധിയിൽ സംശയം തോന്നി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി രണ്ടു വർഷത്തിന് ശേഷം പൊലീസ് പിടിയിലായി. കൊല്ലം ഇരവിപുരം സ്വദേശി കാഞ്ഞിരത്തു പറമ്പിൽ മുരളി എന്ന മുനീറിനെയാണ് (42) ഡിവൈ.എസ്.പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഏതാനും വർഷം മുമ്പ് ജോലി തേടി ചാലക്കുടിയിലെത്തിയതാണ് മുരളി. ഇവിടെ വന്ന് കുറച്ചു നാളുകൾക്കകം പരിയാരം സ്വദേശിനിയെ പരിചയപ്പെട്ട്, മതം മാറി മുനീർ എന്ന് പേരു സ്വീകരിക്കുകയായിരുന്നു. പിന്നീട് അവരെ വിവാഹം കഴിച്ചു. ഇരുവരും കൊരട്ടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സ്വഭാവശുദ്ധിയിൽ സംശയം തോന്നിയ ഇയാൾ ഭാര്യയെ മർദ്ദിക്കൽ പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം ഇരുവരും തമ്മിൽ കലഹമുണ്ടാവുകയും തുടർന്ന് മുനീർ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. സംഭവ ശേഷം ഒളിവിൽപോയ ഇയാൾ പല സ്ഥലത്തും മാറി മാറി താമസിച്ചു വരികയായിരുന്നു.

കഴിഞ്ഞ ദിവസം മുനീർ ചാലക്കുടിയിലെത്തിയതായി വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിൽ കണ്ടെത്താനായില്ല. തുടർന്ന് ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷൻ പരിസരവും നിരീക്ഷിച്ചു വന്ന പൊലീസ് സംഘം ഇന്നലെ രാവിലെ പ്രൈവറ്റ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘത്തിൽ ക്രൈം സ്‌ക്വാഡ് എസ്.ഐ വത്സ കുമാർ, കൊരട്ടി അഡീഷണൽ എസ്.ഐ പി.ടി വർഗ്ഗീസ്, എ.എസ്.ഐ ജിനു തച്ചേത്ത്, സീനിയർ സി.പി.ഒമാരായ സതീശൻ മടപ്പാട്ടിൽ, സി.എ ജോബ്, റോയ് പൗലോസ്, പി.എം മൂസ, ടി.ജി മനോജ്, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരുമുണ്ടായിരുന്നു. . . .