തൃശൂർ: നഗരത്തിലെ ഫുട്പാത്ത് കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനം. അതോടൊപ്പം കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാനും തീരുമാനിച്ചു. ശക്തൻനഗർ, പട്ടാളം റോഡ് എന്നിവിടങ്ങളിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാനാണ് തീരുമാനം. പുനരധിവസം നടത്താതെ വിവാദത്തിൽ കിടന്നിരുന്നത് മേയർ രാജിവയ്ക്കുന്നതിന് മുമ്പ് നടപ്പാക്കാനാണ് ഭരണ പക്ഷത്തിന്റെ തീരുമാനം. പട്ടാളം റോഡിൽ ഫുട്പാത്ത് കച്ചവടക്കാർക്കായി പണിത കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്.
പല കച്ചവടക്കാരെയും അനധികൃതമായി ലിസ്റ്റിൽ കയറ്റിയതായി പ്രതിപക്ഷം പരാതിപ്പെട്ടു. എന്നാൽ പഴയ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ 316 പേരെയാണ് പുനരധിവസിപ്പിക്കുന്നതെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എം.എൽ. റോസി പറഞ്ഞു. മുൻപ് തയ്യാറാക്കിയ 304 പേരുടെ ലിസ്റ്റിൽ നിന്നു 25 പേരെ മാറ്റി. കോടതിവിധി അനുസരിച്ച് 42 പേരെ കൂട്ടിച്ചേർത്തു. അതിൽ 5 പേർ മരിച്ചു.
ലാലൂരിൽ ഇൻഡോർ സ്‌റ്റേഡിയം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായി. അവിടെ കൈവശാവകാശം നിലനിറുത്തിക്കൊണ്ടു മാത്രം സ്‌റ്റേഡിയം നിർമിക്കാൻ ഒടുവിൽ ധാരണയായി. സ്ഥലം അളന്നു തിട്ടപ്പെടുത്തണമെന്നും ആവശ്യം ഉയർന്നു. മുഖ്യപരിഗണന സ്‌റ്റേഡിയത്തിനാണെന്ന് വർഗീസ് കണ്ടംകുളത്തി വ്യക്തമാക്കി. ലാലൂരിലെ കൈയേറ്റം പരിശോധിക്കണമെന്ന് ലാലി ജയിംസ് ആവശ്യപ്പെട്ടു.
വടക്കെ ബസ് സ്റ്റാൻഡ് പുനർനിർമാണത്തിന്റെ പേരിൽ നിലവിലെ ബസ് സ്റ്റാൻഡ് മാറ്റുന്നതിനുള്ള തീരുമാനത്തിൽ വലിയ വീഴ്ചയുണ്ടായെന്ന് വിമർശനം ഉയർന്നു. പരിശോധിച്ചു വേണ്ടതു ചെയ്യാമെന്ന് ഭരണപക്ഷം അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച സംഭാവനകൾ കൃത്യമായി പറയണമെന്ന് ജോൺ ഡാനിയേൽ ആവശ്യപ്പെട്ടു. 124 പേരിൽ നിന്നു 58 ലക്ഷം രൂപയാണ് ലഭിച്ചത്. ബാക്കിയുള്ളത് കോർപ്പറേഷൻ ഫണ്ടിൽ നിന്നു എടുത്തുവെന്ന് വ്യക്തമാക്കി. രാമദാസ്, ശശിധരൻ, അനൂപ് കരിപ്പാൽ, സുബിബാബു, ഫ്രാൻസിസ് ചാലിശേരി, വിൻഷി അരുൺകുമാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.