ഗുരുവായൂർ: കൗൺസിലിൽ ചേരിതിരിഞ്ഞ് വീണ്ടും നാണംകെട്ട് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ എട്ടിന് ഉദ്ഘാടനം ചെയ്യുന്ന വേദിയുടെയും കവാടത്തിന്റെയും പേരിനെ ചൊല്ലിയാണ് കോൺഗ്രസുകാർ കൗൺസിലിൽ ചേരിതിരിഞ്ഞത്. ഒരു വിഭാഗം നടുത്തളത്തിലിറങ്ങി ബഹളം വച്ചപ്പോൾ മറുവിഭാഗം നിശബ്ദരായി ഇരുന്നു. ബഹളത്തിനിടെ 'ഗുരുവായൂർ സത്യഗ്രഹ സ്മാരകം' എന്നും കവാടത്തിന് 'കെ. കേളപ്പൻ സ്മാരക കവാടം' എന്നും പേരിടാൻ ഗുരുവായൂർ നഗരസഭാ കൗൺസിൽ തീരുമാനിച്ചു.

ഇതിനെതിരെ ആന്റോ തോമസ്, എ.ടി. ഹംസ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങളാണ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. കൗൺസിൽ ബഹളത്തിൽ മുങ്ങിയതോടെ നഗരസഭാദ്ധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി കൗൺസിൽ പിരിച്ചുവിട്ടു. എന്നാൽ എ.പി. ബാബു, ജോയ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള കോൺഗ്രസുകാർ പ്രതിഷേധത്തിൽ പങ്കുചേർന്നില്ല. വേദിക്ക് രാജീവ് ഗാന്ധിയുടെ പേര് നൽകണമെന്നും നാരായണീയത്തിന്റെ സ്മരണ നിലനിറുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കവാടത്തിന് കേളപ്പന്റെ പേര് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ചുള്ള പ്രമേയവും നടത്തുളത്തിലിറങ്ങിയ കോൺഗ്രസ് സംഘം അവതരിപ്പിക്കാൻ ശ്രമിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്ന കോൺഗ്രസുകാരും വേദിക്ക് രാജീവ് ഗാന്ധിയുടെ പേര് നൽകണമെന്ന ആവശ്യം ഉന്നയിച്ചുള്ള പ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു. എന്നാൽ കൗൺസിൽ ബഹളത്തിൽ കലാശിച്ചതോടെ പ്രമേയങ്ങൾ അവതരിപ്പിച്ചില്ല.

കഴിഞ്ഞ കൗൺസിൽ യോഗത്തിലും കോൺഗ്രസ് ഇരുചേരികളായി തിരിഞ്ഞ് നാണക്കേടുണ്ടാക്കിയിരുന്നു. ഇത്തവണത്തെ കൗൺസിലിലും പരസ്യമായി ഭിന്നത ആവർത്തിച്ചു. അർബൻ ബാങ്ക് വിഷയങ്ങളെ ചൊല്ലിയാണ് കൗൺസിലർമാർ ഇരുചേരികളായി നിൽക്കുന്നത്. പാർലമെന്ററി പാർട്ടി യോഗത്തിൽ ഒരു വിഭാഗം പങ്കെടുക്കുന്നുമില്ല. കോൺഗ്രസ് കൗൺസിലർമാർ തുടർച്ചയായി ചേരിതിരിഞ്ഞ് നിലപാടെടുത്ത് പാർട്ടിയെ നാണം കെടുത്തുന്ന സാഹചര്യത്തിൽ പാർട്ടി നേതൃത്വം ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.