ചെറുതുരുത്തി: പ്രളയവും തുലാവർഷവും കാലവർഷവുമൊന്നും ഭാരതപ്പുഴയെ സ്പർശിച്ചിട്ടില്ല. കാലവർഷമെത്താൻ ഇനിയും മാസങ്ങൾ ബാക്കി നിൽക്കുമ്പോൾ മുൻ വർഷങ്ങളേക്കാൾ ദയനീയാവസ്ഥയിലാണ് നിള. വറ്റിവരണ്ടു കിടക്കുന്ന പുഴയിൽ ചെളി വന്നടിഞ്ഞ് പല ഭാഗങ്ങളും വിണ്ടുകീറിയ അവസ്ഥയിലാണ്.

നിളയുടെ തീരപ്രദേശങ്ങളിൽ ജലക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യവുമായി ലക്ഷങ്ങൾ ചെലവഴിച്ച് പണിതീർത്ത തടയണയും ഫലം കണ്ടില്ല തടയണ സ്ഥിതി ചെയ്യുന്ന പ്രദേശത്തു പോലും തുള്ളി വെള്ളമില്ല എന്നതാണ് അവസ്ഥ. നിളയുടെ തീരത്തെ എട്ട് പഞ്ചായത്തുകൾക്കും മൂന്ന് നഗര സഭകൾക്കും ജലസമൃദ്ധി ഉറപ്പു വരുത്തുകയെന്നതായിരുന്നു തടയണയുടെ ലക്ഷ്യം.

എന്നാൽ ഉദ്ഘാടനത്തിനു മുമ്പേ തടയണ ശോഷിച്ചത് പരിസരവാസികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഏതൊരു പരിസ്ഥിതി സ്‌നേഹിയെയും വേദനിപ്പിക്കുന്നതാണ് നിളയുടെ ഇന്നത്തെ കാഴ്ച. പ്രളയകാലത്ത് വെള്ളവും ചെളിയും വന്നടിഞ്ഞതിനാൽ തടയണയുടെ ഷട്ടറുകൾ പൂർണ്ണമായും തുറക്കേണ്ടി വന്നതും പ്രതിസന്ധിയായി.

തുലാമഴയായിരുന്നു ആകെയുള്ള ഒരു പ്രതീക്ഷ. എന്നാൽ തുലാവർഷവും ചതിച്ചതോടെ വലിയ വരൾച്ചയുടെ നാളുകളാണ് മുന്നിലുള്ളതെന്ന ഭയത്തിലാണ് പ്രദേശവാസികൾ.