പുതുക്കാട്: ജപമാല സമർപ്പണത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച 60 ഓളം പേർക്ക് ഭഷ്യ വിഷബാധ. മുപ്പതോളം പേർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മറ്റുള്ളവർ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ജപമാല സമർപ്പണത്തിനൊടുവിൽ വിളമ്പിയ വെള്ളേപ്പവും മുട്ടക്കറിയും കഴിച്ചവർക്ക് രാത്രിയായതോടെ ഛർദ്ദിയും വയറിളക്കവും, വയറുവേദനയും അനുഭവപ്പെടുകയായിരുന്നു.

കണ്ണമ്പത്തൂരിൽ ആട്ടോക്കാരൻ ഷാജുവിന്റെ വീട്ടിലാണ് ജപമാല സമർപ്പണം നടന്നത്. കല്ലൂർ പാലയ്ക്കപറമ്പിൽ വീടിനോട് ചേർന്ന് അനധികൃതമായി പ്രവർത്തിച്ചിരുന്ന റോയൽ കാറ്ററിംഗ് യൂണിറ്റിൽ പാചകം ചെയ്തതാണ് മുട്ടക്കറിയും വെള്ളേപ്പവും. പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡോ. ബിനോജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ വിദ്യാധരൻ എന്നിവർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് രോഗിപരിചരണത്തിന് നേതൃത്വം നൽകി. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ അർച്ചന, തൃക്കൂർ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഷീന കെ. വാസു, കൊടകര ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ സി.ആർ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കാറ്ററിംഗ് സ്ഥാപനത്തിൽ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകളും പാചകത്തിന് ഉപയോഗിക്കുന്ന വെള്ളവും ശേഖരിച്ചു. സാമ്പിളുകൾ കാക്കനാട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം അടച്ചു പൂട്ടിച്ചു.