ഉത്പാദനം 40 ശതമാനത്തിലേറെ കുറയുമെന്ന് കർഷകർ
തൃശൂർ : മൊത്ത വിതരണക്കാരൻ സ്റ്റോക്കെടുപ്പ് നിറുത്തിയതോടെ നെല്ല്, വാഴ കൃഷികൾക്ക് അനിവാര്യമായ യൂറിയ, പൊട്ടാഷ് വളങ്ങൾക്ക് കടുത്ത ക്ഷാമം. പ്രളയത്തിൽ മുങ്ങിപ്പോയ പനമുക്കിലെ ഗോഡൗണിനെതിരെ പരിസരവാസികൾ രംഗത്തുവന്നതോടെയാണ് മൊത്ത വിതരണക്കാരൻ സ്‌റ്റോക്കെടുപ്പ് നിറുത്തിവച്ചത്.
രാസവളങ്ങൾ സൂക്ഷിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പരിസരവാസികളുടെ പരാതി. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് വളമെത്തുന്നത് തൃശൂരിലെ മൊത്ത വിതരണ കേന്ദ്രത്തിൽ നിന്നാണ്. രണ്ടാംവിള നെൽക്കൃഷിക്ക് വളം നൽകുന്ന സമയത്ത് യൂറിയയുടെയും പൊട്ടാഷിന്റെയും ക്ഷാമമുണ്ടായത് മൂന്ന് ജില്ലകളിലും 40 ശതമാനത്തിലേറെ വിളവ് കുറയ്ക്കുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. എറണാകുളം, കോഴിക്കോട് ജില്ലകളിൽ വളം യഥേഷ്ടം ലഭിക്കുന്നുണ്ട്. ഇവിടെ നിന്ന് ആവശ്യത്തിന് വളം നൽകാൻ അവിടുത്തെ മൊത്ത കച്ചവടക്കാർ തയ്യാറാണ്. പക്ഷെ, ഒരു ലോഡ് വളം കുറഞ്ഞത് ഒരു തവണ എടുക്കണമെന്നാണ് അവരുടെ നിബന്ധന. ഇത്രയും കൂടുതൽ വളം ഒന്നിച്ച് കൊണ്ടുവരാനുള്ള സാമ്പത്തിക ഭദ്രത തൃശൂരിലെ ചില്ലറ വളം വ്യാപാരികൾക്കില്ല. ഉത്പാദനശാല പൂട്ടിയതോടെ എഫ്.എ.സി.ടി വർഷങ്ങളായി യൂറിയ വിൽക്കുന്നില്ല. എസ്.പി.ഐ.സി, എം.എഫ്.എൽ, എം.സി.എഫ് എന്നീ കമ്പനികളാണ് സംസ്ഥാനത്ത് യൂറിയ വിൽപ്പനയിൽ 70 ശതമാനവും നിയന്ത്രിക്കുന്നത്. ഐ.പി.എൽ, ഇഫ്‌കോ എന്നിവ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നുമുണ്ട്.
സബ്‌സിഡി നിരക്കിൽ 40 കിലോയുടെ ഒരു ചാക്ക് യൂറിയയ്ക്ക് 260 രൂപയാണ് വില. വിപണിയിൽ ഇതിന് 1500 രൂപവരെ വിലയുണ്ട്. പി.ഒ.എസ്. മെഷീൻ വഴിയുള്ള വിൽപ്പനയിൽ ഉയർന്ന ചില്ലറവില്പന വില (എം.ആർ.പി.) മാത്രമേ കർഷകരിൽ നിന്ന് ഈടാക്കാൻ പാടുള്ളൂ. അംഗീകാരമില്ലാത്തവർ വഴിയുള്ള കച്ചവടം കൃഷിവകുപ്പ് വിലക്കിയിട്ടുണ്ട്. വൻതുക മുടക്കി സ്വന്തം സംഭരണശാലകൾ തുടങ്ങാൻ കമ്പനികളും തയ്യാറാവുന്നില്ല.
കേന്ദ്ര വിഹിതവും കുറഞ്ഞു
സംസ്ഥാനത്ത് രാസവളവിൽപ്പന ജനുവരി ഒന്നുമുതൽ ആധാറുമായി ബന്ധിപ്പിച്ച് പി.ഒ.എസ്. യന്ത്രത്തിന്റെ സഹായത്തോടെയാക്കി. കർഷകർ വാങ്ങുന്ന വളത്തിന്റെ കൃത്യമായ കണക്ക് സർക്കാരിന് ലഭ്യമാകും. ചില വ്യാപാരികൾ പി.ഒ.എസ്. മെഷീൻ വഴി വളം വാങ്ങും. മെഷീനിൽ കാണിക്കാതെ വിൽപന നടത്തുന്നതിനാൽ സർക്കാർ കണക്കിൽ വളം യഥേഷ്ടം കെട്ടിക്കിടക്കുന്നതായി കാണും. ഇതുമൂലം കേന്ദ്രത്തിൽ നിന്നുള്ള വിഹിതവും കുറഞ്ഞു കെ.ആർ. സദാനന്ദൻ (സെക്രട്ടറി ഫെർട്ടിലൈസേഴ്‌സ് ആൻഡ് പെസ്റ്റിസൈഡ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ)
ചിലരുടെ വാശി
പനമുക്കിലെ ഗോഡൗണിലാണ് വർഷങ്ങളായി യൂറിയയും പൊട്ടാഷും സ്റ്റോക്ക് ചെയ്തിരുന്നത്. പ്രളയത്തിൽ വെള്ളം കയറി യൂറിയയും പൊട്ടാഷും സമീപപ്രദേശങ്ങളിലേക്ക് ഒഴുകിയപ്പോൾ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ഇപ്പോൾ രണ്ടോ മൂന്നോ വീട്ടുകാർക്ക് മാത്രമാണ് എതിർപ്പ്. അതിന് വ്യക്തിവൈരാഗ്യമാണ് കാരണം
പോളി
(മൊത്തവിതരണക്കാരൻ)
ഒരേക്കർ നെൽക്കൃഷിക്ക് രണ്ടു ഘട്ടങ്ങളിലായി വേണ്ടത്
യൂറിയ 70 കിലോ
പൊട്ടാഷ് 30 കിലോ