തൃശൂർ: ആനയെ വളർത്തണമെങ്കിൽ രണ്ടരയേക്കർ സ്ഥലം ആന ഉടമസ്ഥന്റെ പേരിൽ വേണം. ആനയെ പരിപാലിക്കാൻ പൂർവാർജിത സ്വത്ത് ഇല്ലാത്തവർക്കും ഷെൽട്ടർ ഇല്ലാത്തവർക്കും ആനയുടമസ്ഥനാകാനും കഴിയില്ല. ബംഗളൂരു ആസ്ഥാനമായുള്ള ഒരു സംഘടന നൽകിയ ഹർജിയിൽ സുപ്രിംകോടതിയുടേതാണ് വിധി. രാജ്യത്ത് കൂടുതൽ നാട്ടാനകളുള്ള കേരളത്തിലെ ആനയുടമകൾക്കും സ്വന്തമായി ആനകളുള്ള ദേവസ്വം ബോർഡുകൾക്കും സുപ്രിംകോടതി വിധി വെല്ലുവിളിയാകും.


നിയമപ്രകാരമുള്ള എല്ലാ രേഖകളും സൗകര്യങ്ങളും നാട്ടാനകൾക്കുണ്ടോയെന്ന് ഉറപ്പാക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഡിസംബർ 31ന് മുമ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിക്ക് വിവരങ്ങൾ നൽകാൻ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ 371 നാട്ടാനകളുണ്ടെന്നാണ് കണക്ക്. ഇവയുടെ പൂർണ വിവരങ്ങൾ വനംവകുപ്പ് ശേഖരിക്കും. ഭൂരിപക്ഷം ആനയുടമസ്ഥരും രണ്ടരയേക്കർ ഭൂമി ഇല്ലാത്തവരാണ്. ദേവസ്വം ബോർഡുകൾക്ക് വരെ ആനകളുടെ എണ്ണത്തിനനുസരിച്ച് സ്ഥലം കാണിക്കാനില്ല. ഒരാനയെ കെട്ടാനാണ് രണ്ടരയേക്കർ സ്ഥലം വേണമെന്ന നിർദ്ദേശം. വൃത്തിയുള്ള സ്ഥലത്ത് ആനയെ പാർപ്പിക്കണമെങ്കിൽ ഇത്രയും സ്ഥലം വേണമെന്നാണ് കോടതിയുടെ കണ്ടെത്തൽ.


കേരളത്തിലെ പല ആനയുടമസ്ഥരെയും അന്വേഷിച്ചു ചെന്നാൽ കിടക്കാൻ സ്ഥലം പോലും ഇല്ലാത്തവരാണെന്നും പറയുന്നു. ആനയുടെ ഉടമസ്ഥാവകാശം ഡ്രൈവർമാരുടെയും മേളക്കാരുടെയുമൊക്കെ പേരിലാക്കിയതാണ് കാരണം. ആനയ്ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുകയോ ആനയിടയുന്ന സംഭവങ്ങളുണ്ടാവുകയോ ചെയ്താൽ കേസ് തങ്ങൾക്കെതിരെ വരാതിരിക്കാനാണ് ജോലിക്കാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ പേരിൽ ആനയ്ക്ക് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വാങ്ങിക്കുന്നത്. ഇത്തരത്തിൽ ബിനാമി ഇടപാടുകളുടെ പേരിൽ ആനയുടെ ഉടമസ്ഥാവകാശം ഉള്ളവർക്ക് രണ്ടര ഏക്കർ സ്ഥലം കൂടി കാണിച്ചില്ലെങ്കിൽ ആനയെ വളർത്താനാകില്ല.