ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തിരിതെളിയും. സംഗീതമണ്ഡപമായ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറരയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സ്മാരക സംഗീത പുരസ്‌കാരം പാലാ സി.കെ. രാമചന്ദ്രന് മന്ത്രി സമ്മാനിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയാകും.

തുടർന്ന് ആദ്യ കച്ചേരി പാലാ സി.കെ. രാമചന്ദ്രൻ അവതരിപ്പിക്കും. നാളെ രാവിലെ മുതൽ സംഗീതാർച്ചനകൾ ആരംഭിക്കും. മൂവായിരത്തോളം പേരാണ് പതിനഞ്ച് ദിനരാത്രങ്ങളായി ക്ഷേത്ര നഗരിയിൽ അരങ്ങേറുന്ന സംഗീതോത്സവത്തിൽ പങ്കെടുക്കുക. ദിവസവും രാവിലെ അഞ്ചുമുതൽ രാത്രി 11 വരെയാണ് സംഗീതോത്സവം. വൈകീട്ട് ആറു മുതൽ ഒമ്പത് വരെ ഓരോ മണിക്കൂർ വീതം മൂന്നു പേർ സ്‌പെഷ്യൽ കച്ചേരികൾ അവതരിപ്പിക്കും. രണ്ടു വായ്പാട്ടും ഒരു ഉപകരണസംഗീതവും എന്ന ക്രമത്തിലായിരിക്കും സ്‌പെഷ്യൽ കച്ചേരികൾ.

ആകാശവാണിയുടെ തത്സമയ സംപ്രേഷണം 15 ന് തുടങ്ങും. രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് 12.30 വരെയും രാത്രി 7.35 മുതൽ 8.30 വരെയുമാണിത്. 18 ന് രാവിലെ ഒമ്പതു മുതൽ പത്തുവരെ നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന സംഗീതോത്സവത്തിലെ പ്രശസ്തമായ പഞ്ചരത്‌ന കീർത്തനാലാപനം നടക്കും. ഏകാദശി ദിവസമായ 19 ന് രാത്രി ഒമ്പതരയ്ക്ക് കേരളത്തിലെ പ്രശസ്തരായ സംഗീതജ്ഞർ ഒന്നിച്ചിരുന്ന് സംഗീതാലാപനം നടത്തുന്നതോടെയാണ് സംഗീതോത്സവത്തിന് സമാപനമാകുക.