nh-66-kpm
ദേശീയപാതയിലെ ബൈപാസുകൾക്ക് വേണ്ടി അളവെടുക്കുന്നു.

കയ്പ്പമംഗലം: ദേശീയപാതയിലെ ബൈപാസുകൾക്കായുള്ള അളവെടുപ്പ് പുരോഗമിക്കുന്നു. ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി ബൈപാസുകൾക്കായി ചെന്ത്രാപ്പിന്നി ബൈപാസ് അളവെടുപ്പ് പൂർത്തിയായി. മൂന്നുപീടിക പെരിഞ്ഞനം ബൈപാസിന്റെ അളവ് വഴിയമ്പലത്ത് നിന്ന് പുരോഗമിക്കുന്നു. ചെന്ത്രാപ്പിന്നി 17 മുതൽ ഹൈസ്കൂൾ റോഡുവരെയാണ് സ്ഥലം അളന്ന് കല്ലിടൽ നടത്തിയത്.

കഴിഞ്ഞ ദിവസം ചെന്ത്രാപ്പിന്നിയിൽ അളവെടുപ്പ് തടയാൻ ശ്രമിച്ച മൂന്നു പേരെ കയ്പ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലപ്പെട്ടി മുതൽ ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡ് വരെ 1.7 കിലോമീറ്ററാണ് ബൈപാസിനായി സ്ഥലം എടുക്കുന്നത്. വഴിയമ്പലം മുതൽ കൊറ്റംകുളം വരെ 2.5 കിലോമീറ്റർ നീളമാണ് മൂന്നുപീടിക ബൈപാസിനായി ഭൂമി അളന്ന് ഏറ്റെടുക്കുന്നത്. അഞ്ച് കിലോമീറ്ററോളം നീളം വരുന്നതാണ് മതിലകം, ശ്രീനാരായണപുരം ബൈപാസ്, ഡെപ്യൂട്ടി കളക്ടർ എ. പാർവ്വതി ദേവിയുടെ നേതൃത്വത്തിലാണ് അളവെടുപ്പ് നടക്കുന്നത്. കയ്പ്പമംഗലം എസ്.ഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം അളവെടുപ്പ് നടക്കുന്ന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ബൈപാസിന് വേണ്ടിയുള്ള സ്ഥലത്തിന്റെ അളവെടുപ്പ് നടക്കുമ്പോൾ തങ്ങളുടെ സ്ഥലം നഷ്ടപെടുന്നത് അറിഞ്ഞ് നിസഹായരായി നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ എന്ന് സ്ഥലമുടമകൾ പറഞ്ഞു. മുൻകൂട്ടി അറിയിക്കുകയോ രേഖാമൂലം എന്തെങ്കിലും തരത്തിലുള്ള നോട്ടീസ് തരികയോ ചെയ്യാതെയാണ് തങ്ങളുടെ ഭൂമി അളന്നതെന്ന് ചെന്ത്രാപ്പിന്നിയിലെ അരയംപറമ്പിൽ രാമചന്ദ്രൻ പറഞ്ഞു. ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലാണ് കൂടുതൽ ബൈപാസുകൾ വേണ്ടി വരുന്നതെന്ന് അളവെടുപ്പു സംഘത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ബൈപാസുകൾക്കായുള്ള സ്ഥലങ്ങളുടെ അളവെടുപ്പ് പൂർത്തിയായി കഴിഞ്ഞാൽ അതിന്റെ കണക്കെടുപ്പുകളും അനുബന്ധ ജോലികളും പൂർത്തീകരിച്ച് 3 ഡി വിജ്ഞാപനം പുറത്തിറക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. . . .