farmers-club
പൊയ്യയിൽ ഫാർമേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന നാട്ടു ചന്തയിലെ ലേലം

മാള: ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ പൊയ്യയിൽ കർഷകർ സംഘടിച്ച് ഉത്പന്നങ്ങൾ നേരിട്ട് വിൽക്കുന്നു. മഹാത്മാ ഫാർമേഴ്‌സ് കൂട്ടായ്മയാണ് ആഴ്ചയിലൊരിക്കൽ തങ്ങളുടെ പച്ചക്കറി ഉത്പന്നങ്ങളുമായി പൊയ്യ കമ്പനിപ്പടിയിൽ ഒത്തുകൂടുന്നത്. ശനിയാഴ്ചകളിൽ ഉച്ചയോടെ എത്തുന്ന കർഷകർ അവരുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കും. പൊയ്യ സാംസ്‌കാരിക നിലയത്തിൽ ഏതാനും നാളായുള്ള ഈ ഒത്തുചേരൽ ഇപ്പോൾ ചന്തയുടെ മാതൃകയിലായി. ലേലം നടക്കുന്ന ആദ്യ ഒരു മണിക്കൂറിനുള്ളിൽ എല്ലാം വാങ്ങാൻ നിരവധി പേരാണെത്തുന്നത്. കർഷകർക്ക് മികച്ച വില ലഭിക്കുന്നതിന് പുറമേ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള പച്ചക്കറികൾ പുതുമയോടെ വാങ്ങാം.കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്കിന്റെയും നബാർഡിന്റെയും സഹായത്തോടെ പൊയ്യ പഞ്ചായത്തിലെ ഇരുപതോളം കർഷകർ ചേർന്നാണ് ഫാർമേഴ്‌സ് ക്ലബ്ബ് രൂപീകരിച്ചത്.

ആഴ്ച ചന്തയിൽ ഉത്പന്നങ്ങൾ കൊണ്ടുവരുന്ന കർഷകർക്ക് ലഭിക്കുന്ന വിലയുടെ അഞ്ച് ശതമാനം മാത്രമാണ് നടത്തിപ്പിനായി ഉപയോഗിക്കുക. ക്ലബ്ബിൽ അംഗങ്ങളല്ലാത്ത കർഷകരുടെ ഉത്പന്നങ്ങളും വിൽക്കുന്നുണ്ട്. കർഷകർ കൊണ്ടുവരുന്ന ഉത്പന്നത്തിന്റെ തൂക്കം എത്ര കുറഞ്ഞതായാലും ഈ ചന്തയിൽ വിൽക്കാനാകും. പൊതുപ്രവർത്തകരായ ഒരുകൂട്ടം കർഷകർ ചേർന്ന് രൂപീകരിച്ച ഫാർമേഴ്‌സ് ക്ലബ്ബ് എല്ലാ കർഷകർക്കും കൃഷിക്കാവശ്യമായ മാർഗ നിർദേശങ്ങളും അറിയിപ്പുകളും എത്തിക്കുന്നുമുണ്ട്. കൃഷി വകുപ്പിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ വിവരങ്ങളും കൃഷിരീതികളും കീട നിയന്ത്രണ മാർഗങ്ങളും സംബന്ധിച്ചുള്ള സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കും. വിപണി അനുസരിച്ച് കൃഷിയിറക്കാനുള്ള മാർഗ നിർദേശങ്ങളും പൊയ്യ ഫാർമേഴ്‌സ് ക്ലബ്ബ് നൽകുന്നുണ്ട്.

100ഓളം ഇനങ്ങൾ

നേന്ത്രക്കായ മുതൽ പൂവൻകായ വരെയുള്ള കായകൾ

ചേന

ചേമ്പ്

കാച്ചിൽ

മധുരക്കിഴങ്ങ്

ചെറു കിഴങ്ങ്

നനകിഴങ്ങ്

പപ്പായ

വാഴക്കുടപ്പൻ

വാഴപ്പിണ്ടി

പച്ചമുളക്
നാടൻ പയർ

വഴുതന

തക്കാളി

വെണ്ടക്കായ

കുമ്പളങ്ങ

മത്തങ്ങ

ഉപഭോക്താക്കൾ നൽകുന്ന പണം ലേലത്തിന് ശേഷം അതാത് കർഷകർക്ക് അപ്പോൾ തന്നെ കൊടുക്കും

വി.വി സുരേന്ദ്രൻ

ക്ളബ്ബിന്റെ സംഘാടകൻ