pannithadam-ciment-godown
പന്നിത്തടത്ത് സിമന്റ് ഗോഡൗണിനു മുന്നിലെ ഗതാഗത കുരുക്ക്.

എരുമപ്പെട്ടി: തൃശൂർ കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ പന്നിത്തടത്ത് ഗതാഗത കുരുക്ക് പതിവാകുന്നു. പന്നിത്തടം മാത്തൂരിൽ റോഡിനോട് ചേർന്നുള്ള സിമന്റ് ഗോഡൗണിന്റെ പ്രവർത്തനമാണ് ഗതാഗത തടസത്തിന് മുഖ്യ കാരണം. വീതി കുറവുള്ള സ്ഥലത്താണ് സിമന്റ് ഗോഡൗൺ റോഡിലേയ്ക്ക് തള്ളി നിൽക്കുന്നത്. സിമന്റുമായി വരുന്ന വാഹനങ്ങൾ റോഡിൽ നിറുത്തിയാണ് ലോഡിറക്കുന്നത്. ഈ സമയം റോഡിലൂടെ മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്.

കുന്നംകുളം - വടക്കാഞ്ചേരി റോഡ് വികസനത്തിന്റെ ഭാഗമായി കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് വീതി കൂട്ടി വരുന്നുണ്ടെങ്കിലും ഈ പ്രദേശത്ത് സിമന്റ് ഗോഡൗൺ പ്രവർത്തിക്കുന്നതിനാൽ ഇതിന് കഴിയാത്ത സാഹചര്യമാണുള്ളത്. റോഡിൽ നിന്നും മൂന്ന് മീറ്റർ സ്ഥലം ഒഴിവാക്കിയാണ് കെട്ടിടങ്ങൾ നിർമ്മിക്കാൻ പാടുള്ളൂവെന്നാണ് ചട്ടം. എന്നാൽ പഴയ കെട്ടിടമായതിനാൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. അതിനാൽ ഗോഡൗൺ നിലനിൽക്കുന്ന പന്നിത്തടം മാത്തൂർ പാsശേഖരത്തിൽ റോഡ് വികസനം അസാധ്യമായിരിക്കുകയാണ്. ആലത്തൂർ - ഗുരുവായൂർ സംസ്ഥാന പാതകൂടിയായ ഈ റോഡിലൂടെ ദിവസവും നൂറ് കണക്കിന് വാഹനങ്ങളാണ് പോകുന്നത്.