ഒല്ലൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് 2020 ഒക്‌ടോബറിനുള്ളിൽ പാർക്ക് കമ്മിഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വനം മന്ത്രി അഡ്വ. കെ. രാജു.
പുത്തൂരിൽ സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാംഘട്ട നിർമ്മാണപ്രവൃത്തികൾ ഡിസംബറിൽ ആരംഭിക്കും. രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് കിഫ്ബിയിൽ നിന്നും 112.10 കോടിയുടെ അനുമതി ലഭിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഉരഗങ്ങൾ, ഉഭയജീവികൾ തുടങ്ങിയവയ്ക്കുള്ള 14 കൂടുകൾ, പാർക്കിംഗ് സൗകര്യം, റിസപ്ഷൻ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളാണ് രണ്ടാംഘട്ട നിർമ്മാണപ്രവൃത്തിയിൽ ഉൾപ്പെടുന്നത്.
360 കോടിയാണ് സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണത്തിന് ആകെ ചെലവ്. ഇതിൽ 30 കോടിയുടെ ആദ്യഘട്ട നിർമ്മാണപ്രവൃത്തികൾ ഫെബ്രുവരിയിൽ പൂർത്തീകരിക്കും. നാലു കൂടുകൾ, സന്ദർശന പാതകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ഡിസംബർ 31 നുള്ളിൽ തീർക്കാൻ ഉദ്ദേശിച്ച ആദ്യഘട്ട നിർമ്മാണ പ്രവൃത്തികൾ പ്രളയം മൂലമാണ് കാലതാമസമുണ്ടായത്. നിർമ്മാണപ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്.
സർക്കാരും വനം വകുപ്പും പദ്ധതിയുടെ ദ്രുതഗതിയിലുള്ള നിർമ്മാണ പ്രവൃത്തികളാണ് ലക്ഷ്യമിടുന്നത്. മൃഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായ സൂ ഹോസ്പിറ്റൽ സമുച്ചയത്തിന് 7.9 കോടിയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ നിർമ്മാണത്തിന് മൂന്ന് കോടിയും അനുവദിച്ചു. പ്രതിദിനം 4 ലക്ഷം ലിറ്റർ വെള്ളമാണ് പാർക്കിലേക്ക് ആവശ്യമായി വരുക. വാട്ടർ അതോറിറ്റിയുടെ പ്രത്യേക പദ്ധതി വഴി മണലിപ്പുഴയിൽ നിന്ന് വെള്ളം ലഭ്യമാക്കും. കെ. രാജൻ എം.എൽ.എ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, ഡി.എഫ്.ഒ പാട്ടീൽ സുയോഗ് സുഭാഷ് റാവു, സുവോളജിക്കൽ പാർക്ക് സ്‌പെഷ്യൽ ഓഫീസർ കെ.ജെ വർഗീസ് തുടങ്ങിയവരും സന്നിഹിതരായി. . . .
വിഭാവനം ചെയ്യുന്നത് തുറന്ന മൃഗശാല
അധികജലം ഉറപ്പുവരുത്താനായി പരിസരത്തെ നാല് ക്വാറികൾ എറ്റെടുക്കും
സർവേ പൂർത്തിയാക്കാൻ സർക്കാർ അനുമതി
സെൻട്രൽ പി.ഡബ്ല്യൂ.ഡി വൈദ്യുതി ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കും
10 ലക്ഷത്തിലധികം വരുന്ന തൈകൾ നട്ടുപിടിപ്പിക്കും
സന്ദർശകർക്കായി പാർക്കിൽ ട്രാംവേ സൗകര്യം
സന്ദർശക ഗ്യാലറിയും നിർമ്മിക്കും
പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് വനം മന്ത്രിയും അഡ്വ. കെ രാജൻ എം.എൽ.എയും , പുത്തൂർ പഞ്ചായത്ത് പ്രസിഡന്റും , സുവോളജിക്കൽ പാർക്കിന്റെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസറും ഉൾപ്പെടെയുള്ളവരുടെ ഹൈപ്പവർ കമ്മിറ്റിക്ക് രൂപം നൽകി. ഈ കമ്മിറ്റി എല്ലാ മാസവും യോഗം ചേരും. നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.