തൃശൂർ: പരാതിക്കാർ അപ്രധാന ചോദ്യം ചോദിച്ച് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്ന പ്രവണത ശരിയല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.വി സുധാകരൻ. വിവരാവകാശ നിയമത്തെ ശരിയായി മനസിലാക്കാതെ ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉന്നയിക്കുന്നത് അനാവശ്യമായ നടപടിയാണ്. അതേസമയം കമ്മിഷന് മുന്നിൽ ഉദ്യോഗസ്ഥർ വരാതിരിക്കുന്നതിനെ ഗൗരവകരമായി കാണുന്നതായും കമ്മിഷണർ അറിയിച്ചു. കേരളത്തിൽ പൊലീസുകാരാണ് കമ്മിഷന് മുന്നിൽ ഹാജരാകുന്നതിൽ വിമുഖത പ്രകടിപ്പിക്കുന്നത്. ഇത്തരം പ്രവണതകൾ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാനതലത്തിൽ നടപടിയെടുക്കും. സിറ്റിംഗിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 22 പരാതികളാണ് ഇന്നലെ കമ്മിഷന് മുന്നിൽ വന്നത്. 20 പേർ ഹാജരായതിൽ ഭൂരിഭാഗം പരാതികളും വഴിത്തർക്കം, റീസർവേ, പട്ടയഭൂമി വിഷയങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. സിറ്റിംഗിൽ എത്താത്ത ഉദ്യോഗസ്ഥരോട് വിശദീകരണം തേടും. കണ്ണൂർ സർവകലാശാലയിലെ കരാർ അദ്ധ്യാപകരുടെ വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയിൽ കൃത്യമായി മറുപടി നൽകാത്തതിന് കണ്ണൂർ ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്‌സ് ഡയറക്ടർ, അപ്പീലധികാരിയായ രജിസ്ട്രാർ എന്നിവരോട് കമ്മിഷൻ വിശദീകരണം തേടും....