തൃശൂർ: സഹോദരിയെ ഗുരുവാക്കി നീന്തൽപാഠങ്ങൾ പഠിച്ചെടുത്ത കൃഷ്ണജിത്ത് നീന്തൽക്കുളത്തിൽ നിന്ന് വാരിയെടുത്തത് കഠിനാദ്ധ്വാനത്തിന്റെ തിളക്കമുളള സ്വർണ്ണം. നിശ്ചയദാർഢ്യം കൊണ്ട് മിഥുല തിരികെപ്പിടിച്ചത് കഴിഞ്ഞ വർഷം സെക്കൻഡിന്റെ ഒരംശത്തിൽ വിട്ടുപോയ വിജയവും. 400 മീറ്റർ ഫ്രീ സ്റ്റൈലിലാണ് ഇരുവരുടെയും സ്വർണ്ണത്തിളക്കമുള്ള പ്രകടനം. സഹോദരി കൃഷ്‌ണേന്ദു പകർന്നു തന്ന ആദ്യപാഠവും അയൽക്കാരൻ പറഞ്ഞു തന്ന വിദ്യകളും ഒന്നിച്ചു ചേർത്തപ്പോഴായിരുന്നു ആദ്യ ദിനം കൃഷ്ണജിത്ത് 4.39 സെക്കൻഡിൽ വിജയം കുറിച്ച് നീന്തൽക്കുളത്തിലെ താരമായത്.
നേരത്തെ 200, 100 മീറ്റർ ബാക്ക് സ്‌ട്രോക്ക്, ബട്ടർഫ്‌ളൈ ഇനങ്ങളിൽ ജേതാവായിരുന്നു. പിരപ്പൻകോട് പ്രിയദർശിനി ക്ലബ്ബിലെ വിനോദ് കുമാറാണ് കൃഷ്ണജിത്തിന്റെ കോച്ച്. സായ് കോച്ചായ വിനോദിന്റെ ശിക്ഷണത്തിൽ പിരപ്പൻകോട് സ്‌പോർട്‌സ് അക്കാഡമിയിലൂടെയാണ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ എത്തുന്നത്. കൂലിപ്പണിക്കാരനായ കൃഷ്ണൻകുട്ടി നായരുടെയും സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ തങ്കമണിയുടെയും മകനാണ്. നന്ദിയോട് എസ്.കെ.വി.എച്ച്.എസിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ് കൃഷ്ണജിത്ത്. സഹോദരി കാക്കനാട് അസീസി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിലെ നീന്തൽ അദ്ധ്യാപികയാണ്.
സമയത്തിന്റെ വില നന്നായി തിരിച്ചറിഞ്ഞ് കണക്കുകൂട്ടിയാണ് മിഥുല.കെ. ജിതേഷ് 400 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരത്തിന് വിമല കോളജിലെ നീന്തൽക്കുളത്തിലേക്ക് ഇറങ്ങിയത്.
കഴിഞ്ഞ വർഷം കൈവിട്ടുപോയ വിജയം ഇന്നലെ വരെ മിഥുലയുടെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. ആ വേദനിപ്പിക്കുന്ന ഓർമ്മയെ ഇച്ഛാശക്തി കൊണ്ട് വരുതിയിലാക്കുകയായിരുന്നു അവൾ. കഴിഞ്ഞ സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിൽ 11 മൈക്രോ സെക്കൻഡിനായിരുന്നു പിന്നിലായത്.
അത്രയും ചെറിയ സമയത്തിൽ നഷ്ടപ്പെട്ട വിജയം പൊരുതാനുള്ള കരുത്തായിയെന്ന് മിഥുല തന്നെ സമ്മതിക്കുന്നു. സ്വർണ്ണമണിയാതെ നീന്തൽക്കുളം വിട്ട് പോരില്ലെന്ന വാശി തന്നെയാണ് വിജയത്തിലേക്ക് നീന്തിയടുപ്പിച്ചതും. 5.21.02 സമയത്തിൽ സ്വർണ്ണം നേടി കഴിഞ്ഞ ആണ്ടിലെ ദൗർഭാഗ്യ നിമിഷത്തിനോട് മധുരമായി പ്രതികാരം വീട്ടുകയായിരുന്നു മിഥുല. ആ ത്രില്ല് 400 മീറ്റൽ മെഡ്‌ലെയിലും 100 മീറ്റർ ഫ്രീ സ്റ്റൈലിലും മത്സരിക്കാനിരിക്കുമ്പോഴും കോട്ടയം മുത്തോലി സെന്റ് ജി.എച്ച്.എസിലെ വിദ്യാർത്ഥിയായ മിഥുലയെ ആവേശം കൊളളിക്കുന്നു. . . .