തൃശൂർ: 330 ഏക്കർ സ്ഥലത്ത് 360 കോടി രൂപ ചെലവിൽ നിർമ്മിച്ച് 2020 ഒക്‌ടോബറിനുള്ളിൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിടുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിൽ പ്രതിവർഷം 30 ലക്ഷം സന്ദർശകരെത്തിയേക്കും. സന്ദർശകർക്കും പക്ഷി മൃഗാദികൾക്കും പാർക്കിന്റെ മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും എങ്ങനെ വെള്ളം കണ്ടെത്താനാകും എന്നതാണ് ആദ്യത്തെ വെല്ലുവിളി. ദിവസം ഒമ്പത് ലക്ഷം ലിറ്റർ വെള്ളമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഇടവപ്പാതി തുടങ്ങുന്ന ജൂൺ മുതൽ ആഗസ്റ്റ് വരെ ഇറിഗേഷൻ വകുപ്പ് നാല് ലക്ഷം ലിറ്റർ വെള്ളം ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പക്ഷേ, ശേഷിക്കുന്ന ഒമ്പതു മാസങ്ങളിൽ ഒരു ലക്ഷം ലിറ്റർ മാത്രമേ നൽകൂ. ഇൗ മാസങ്ങളിൽ വെള്ളം ശേഖരിക്കാൻ നട്ടം തിരിയേണ്ടി വരും. അഞ്ച് ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനാകും. കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും വേണ്ട നാല് ലക്ഷം ലിറ്റർ ശുദ്ധജലമാണ് മൂന്നുമാസം ഇറിഗേഷൻ വകുപ്പ് നൽകുമെന്ന് പറയുന്നത്. പുത്തൂർ ഭൂഗർഭജല വിതാനം വളരെ താഴ്ന്ന മേഖലയായതിനാൽ വെള്ളം സംഭരിച്ച് വെക്കേണ്ടതുണ്ട്. പുത്തൂർ പഞ്ചായത്തിൽ 16 ക്വാറികൾ ജലസംഭരണികളായി കണ്ടെത്തിയിരുന്നു. മണലിപ്പുഴയിൽ നിന്ന് വെള്ളം പുത്തൂരിലേക്ക് തിരിച്ചുവിടുന്നതും പരിഗണനയിലുണ്ടായിരുന്നു.

 കളക്ടറുടെ നേതൃത്വത്തിൽ നിരീക്ഷണസമിതി വേണം

ജലസംഭരണം അടക്കമുള്ള കാര്യങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണ്. ഹൈപവർ കമ്മിറ്റി നടക്കാറുണ്ടെങ്കിലും മൂന്നുമാസം കൂടുമ്പോഴെങ്കിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വകുപ്പുതലവന്മാരുടെ സാന്നിദ്ധ്യത്തിൽ നിരീക്ഷണസമിതി ഏർപ്പെടുത്തിയാൽ മാത്രമേ നടപടികൾ സുഗമമാകൂവെന്നാണ് വിലയിരുത്തൽ.

മറ്റ് നിർദ്ദേശങ്ങൾ :

നിലവിലുള്ള ജലസേചനപദ്ധതികളെ ബാധിക്കാത്ത വിധമായിരിക്കണം പുതിയ പദ്ധതികൾ.

കിണറുകളിൽ വെള്ളം ലഭിക്കാൻ നിർദ്ദിഷ്ട സ്ഥലത്തിന്റെ വടക്കും കിഴക്കും മഴവെള്ളം സംഭരിച്ച് രണ്ട് തടാകങ്ങൾ സൃഷ്ടിക്കാം.

 പീച്ചി ഡാമിൽ നിന്നും മണലിപ്പുഴയിൽ നിന്നുമുളള വെള്ളം ഉപയോഗപ്പെടുത്താം.

 കുന്നുകൾ ഇടിയ്ക്കൽ, വയലുകൾ നികത്തൽ എന്നിവ പൂർണ്ണമായും നിരോധിക്കണം.

 നീർത്തടാധിഷ്ഠിത പദ്ധതികൾ സജീവമാക്കണം

 സ്വകാര്യ ക്വാറികൾ ഉടൻ ഏറ്റെടുക്കണം

ഉൗന്നൽ കൊടുക്കേണ്ട മറ്റു മേഖലകൾ:

 മാലിന്യനിർമ്മാർജ്ജനം, പാർക്കിംഗ്- വിശ്രമസൗകര്യങ്ങൾ, റോഡ് വികസനം, സൗരോർജ്ജ വൈദ്യുതി, തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സംഘങ്ങൾ, ഫലവൃക്ഷങ്ങളുടെ സാന്നിദ്ധ്യം

 '' തൃശൂർ മൃഗശാലയിൽ പ്രതിവർഷം പത്തുലക്ഷത്തോളം സന്ദർശകർ എത്തുന്ന പശ്ചാത്തലത്തിൽ മൂന്നിരട്ടി സന്ദർശകരെ പുത്തൂർ പാർക്കിലും പ്രതീക്ഷിക്കണം. ഇത്രയും സന്ദർശകർക്ക് വേണ്ട ജലം കരുതുന്നതോടൊപ്പം ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന പശ്ചിമഘട്ട നിരകളിലെ വംശനാശം നേരിടുന്ന ജീവികളെയും സസ്യങ്ങളെയും സംരക്ഷിച്ച് പഠനം നടത്താനുള്ള ആസ്ഥാനമായി പാർക്ക് മാറണം. മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നടന്ന സെമിനാറിലെ നിർദ്ദേശങ്ങൾ മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. "

- എം. പീതാംബരൻ (സെക്രട്ടറി,ഫ്രണ്ട്സ് ഒഫ് സൂ ). . .